ന്യൂഡല്‍ഹി: രാജ്യത്തിന്റെ പലഭാഗങ്ങളിലും മുസ്‌ലിങ്ങളെക്കാള്‍ സുരക്ഷിതത്വം പശുവിനാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയില്‍ ജനക്കൂട്ടം അക്ബര്‍ ഖാനെന്ന 28 കാരനെ മര്‍ദ്ദിച്ചുകൊന്നതിന്റെ പശ്ചാത്തലത്തിലാണ് പരാമര്‍ശം. ശശി തരൂരിന്റെ 'ഹിന്ദു പാകിസ്താന്‍' പരാമര്‍ശം ഉണ്ടാക്കിയ വിവാദം കെട്ടടങ്ങും മുമ്പേയാണിത്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ കുറഞ്ഞുവെന്ന് അവകാശപ്പെടുന്ന ബി.ജെ.പി മന്ത്രിമാര്‍ യാഥാര്‍ഥ്യം അംഗീകരിക്കാന്‍ തയ്യാറാവാത്തത് എന്തുകൊണ്ടാണെന്നും ശശി തരൂര്‍ ആരാഞ്ഞു.

തരൂരിന്റെ 'ഹിന്ദു പാകിസ്താന്‍' പരാമര്‍ശത്തിന് പിന്നാലെ അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ ഓഫീസ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഇതിനു പിന്നാലെ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശവുമായി തരൂര്‍ രംഗത്തെത്തിയിരുന്നു. താന്‍ പാകിസ്താനിലേക്ക് പോകണമെന്നാണ് അവര്‍ പറയുന്നതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. അവരെപ്പോലെയുള്ള ഹിന്ദു അല്ലാത്തതിനാല്‍ തനിക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് പറയാനുള്ള അധികാരം അവര്‍ക്ക് ആരാണ് നല്‍കിയതെന്നും തരൂര്‍ ചോദിച്ചിരുന്നു.