ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങള്‍ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നതുവരെ പ്രതിപക്ഷം സഭാ നടപടികള്‍ തടസ്സപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 'സ്വാര്‍ത്ഥമായ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കു' വേണ്ടി വിവരങ്ങള്‍ ചോര്‍ത്താന്‍ പൊതുജനങ്ങളുടെ പണം സര്‍ക്കാര്‍ ഉപയോഗിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. 

'വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നാണ് ഞങ്ങളുടെ ആവശ്യം. എന്നാല്‍, സര്‍ക്കാര്‍ ഇതിനു തയ്യാറല്ല. 'ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ നിങ്ങള്‍(സര്‍ക്കാര്‍) തയ്യാറല്ലെങ്കില്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ഞങ്ങള്‍ എന്തിന് അനുവദിക്കണം'-പാര്‍ലമെന്റ് വളപ്പില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം ചോദിച്ചു. 
 
വിലക്കയറ്റവും കാര്‍ഷിക നിയമങ്ങളും പ്രതിപക്ഷത്തിനു പ്രധാനപ്പെട്ടതാണെങ്കിലും പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തിനാണ് പ്രതിപക്ഷം പ്രഥമ പരിഗണന നല്‍കുന്നത്‌-തരൂര്‍ പറഞ്ഞു. 
 
പെഗാസസ് വിഷയത്തില്‍ ഐ.ടി. മന്ത്രി അശ്വനി വൈഷ്‌ണോവ് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച തരൂര്‍ പ്രതിപക്ഷത്തെ കേള്‍ക്കാതെ അദ്ദേഹം 'മന്‍ കി ബാത്' പങ്കുവെച്ചതായും പറഞ്ഞു. ഫോണ്‍ ചോര്‍ത്തല്‍ വിവാദം രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനാണെന്നും കാര്യമാക്കേണ്ട വിഷയമൊന്നും അതിലില്ലെന്നും ഐ.ടി. മന്ത്രി പറഞ്ഞിരുന്നു. 
 
ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സമിതി(ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി) ആഭ്യന്തര വകുപ്പിലെ ഉള്‍പ്പടെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്. 32 അംഗ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ജൂലായ് 28-ന് യോഗം ചേരും. 'പൗരന്മാരുടെ ഡേറ്റാ സുരക്ഷയും സ്വകാര്യതയും' എന്നതാണ് യോഗത്തിന്റെ അജണ്ട.

Content Highlights: Shashi Tharoor seeks sc judge monitored probe into pegasus snooping allegations