ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ 'ഹിന്ദു പാകിസ്താന്‍' വിവാദ പ്രസ്താവനക്ക് പിന്നാലെ എല്ലാ നേതാക്കളും വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ്. 2019 ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയം ആവര്‍ത്തിച്ചാല്‍ അവര്‍ ഇന്ത്യയെ ഹിന്ദു പാകിസ്താനാക്കുമെന്നായിരുന്നു തരൂര്‍  തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയില്‍ പറഞ്ഞത്.

ഇതിനെതിരെ ശക്തമായി രംഗത്തെത്തിയ ബി.ജെ.പി നേതൃത്വം കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു. പാകിസ്താന്‍ എന്ന രാജ്യം ഉണ്ടായതിന്റെ ഉത്തരവാദികള്‍ കോണ്‍ഗ്രസാണ്.  അവര്‍ തന്നെ വീണ്ടും ഇന്ത്യയേയും ഹിന്ദുക്കളേയും നിന്ദിക്കുകയാണെന്ന് ബി.ജെ.പി വക്താവ് സാംബിത് പത്ര ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ട്വീറ്റ് ചെയ്തത്. കഴിഞ്ഞ നാലു വര്‍ഷമായി രാജ്യത്ത് അസഹിഷ്ണുതയുടേയും വെറുപ്പിന്റേയും അന്തരീക്ഷമുണ്ടാക്കിയത് ബി.ജെ.പിയാണ്. എന്നാല്‍ ഇന്ത്യയുടെ സംസ്‌കാരിക മൂല്യങ്ങളായ ബഹുസ്വരതയും വൈവിധ്യവും, മതങ്ങളും വംശങ്ങളും തമ്മിലുള്ള ഐക്യവുമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്നത്.  നമ്മളില്‍ നിക്ഷിപ്തമായ ചരിത്രപരമായ ഉത്തരവാദിത്തം ബി.ജെ.പിയെ വിമര്‍ശിക്കുമ്പോള്‍ എല്ലാ കോണ്‍ഗ്രസ് നേതാക്കളും മനസിലാക്കണം- സുര്‍ജേവാല വ്യക്തമാക്കി.

എന്നാല്‍ മാപ്പുപറയണമെന്ന ആവശ്യം ശശി തരൂര്‍ പാടെ തള്ളിക്കളഞ്ഞു. അവര്‍ ഹിന്ദു രാഷ്ട്രമെന്ന ആദര്‍ശത്തിന്റെ സംരക്ഷകരായിരിക്കുന്നിടത്തോളം ഞാന്‍ എന്തിനാണ് മാപ്പു പറയുന്നതെന്ന് തരൂര്‍ തിരിച്ചടിച്ചു.

Content Highlight:Shashi Tharoor'S Hindu Pakistan comment, Congress asks all Congress leaders to choose words carefully