പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശസ്ത മുദ്രാവാക്യമായ അച്ഛേ ദിനിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. നരേന്ദ്രമോദിക്കൊപ്പം ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെയെയും ചേര്‍ത്ത് ആക്ഷേപഹാസ്യ രൂപത്തില്‍ തയ്യാറാക്കിയ ട്വീറ്റിലാണ്  തരൂര്‍ അച്ഛേ ദിന്നിനെ രൂക്ഷമായി വിമര്‍ശിക്കുന്നത്. ഈ ദിവസങ്ങളില്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യുന്നത് എന്താണെന്നു ചോദിക്കുന്ന മോദിയോട്  അച്ഛേ ദിന്‍ എന്നു മറുപടി പറയുന്ന സുന്ദര്‍ പിച്ചെയാണ് ട്വീറ്റില്‍.

 

തിങ്കളാഴ്ച്ചയാണ് ബിജെപി സര്‍ക്കാരിന്റെ അച്ഛേ ദിന്നിനെ ഹാസ്യരൂപേണ വിമര്‍ശിച്ച് തരൂര്‍ ട്വീറ്റ് ചെയ്തത്.  ഗൂഗിളിനു പോലും കണ്ടെത്താന്‍ കഴിയാത്ത ഉത്തരം എന്ന ക്യാപ്ഷന്‍ സഹിതമാണ് ട്വീറ്റ് ചെയ്തത്. മുമ്പും അച്ഛേ ദിന്നിന്റെ പേരില്‍ ബിജെപിയെ നിരന്തരം വിമര്‍ശിച്ചിട്ടുള്ളയാളാണ് തരൂര്‍. തകര്‍ന്ന പ്രതീക്ഷകളോടെ ഒരിക്കലും വരാത്ത നല്ല ദിനത്തിനായി കാത്തിരിക്കുന്നതാണ് കഴിഞ്ഞ നാലുവര്‍ഷത്തെ കഥയെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. 

അച്ഛേ ദിന്‍ എന്ന വാക്കുകളെ ഇംഗ്ലീഷില്‍ പിരിച്ചെഴുതി വേദന എന്നര്‍ഥം വരുന്ന എയ്ക്ക്(ache) എന്നും അസുഖകരമായ ശബ്ദം എന്നര്‍ഥം വരുന്ന ദിന്‍(din) എന്നും പോസ്റ്റ് ചെയ്ത് അവയുടെ അര്‍ഥസഹിതം പിന്നീടൊരിക്കല്‍ പോസ്റ്റ് ചെയ്തിരുന്നു. അച്ഛേ ദിന്‍ ഇവിടെയുണ്ട് എന്ന കാപ്ഷനോടെയായിരുന്നു അന്നത്തെ ട്വീറ്റ്. 

2014ലെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി ഉയര്‍ത്തിക്കാണിച്ച പ്രധാനപ്പെട്ട പ്രചാരണപരിപാടികളിലൊന്നായിരുന്നു അച്ഛേദിന്‍. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതോടെ നല്ല ദിനങ്ങള്‍ തുടങ്ങുകയായി എന്നാണ് അച്ഛേദിന്നിലൂടെ പ്രചരിപ്പിച്ചിരുന്നത്.

Content highlights: shashi tharoor on narendra modis ache-din