.
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന സൂചന നല്‍കി ശശി തരൂര്‍. മാതൃഭൂമി ഡോട്ട് കോം ഇംഗ്ലീഷ് എഡിഷനില്‍ അദ്ദേഹം എഴുതുന്ന കോളത്തിലാണ് എഐസിസി അധ്യക്ഷ പദത്തിലേക്ക് മത്സരത്തിന്റെ സൂചന അദ്ദേഹം നല്‍കുന്നത്.
ബിജെപിയെ വെല്ലുവിളിക്കാന്‍ പര്യാപ്തമായ കോണ്‍ഗ്രസിനെയാണ് ഞങ്ങള്‍ക്ക് ആവശ്യം എന്ന തലക്കെട്ടിലാണ് കഴിഞ്ഞദിവസം മാതൃഭൂമി ഡോട്ട് കോമിന്റെ ഇംഗ്ലീഷ് എഡിഷനില്‍ ശശി തരൂര്‍ ലേഖനം എഴുതിയത്. ഗുലാം നബി ആസാദ് അടക്കമുള്ളവര്‍ പാര്‍ട്ടി വിട്ടതിനെക്കുറിച്ചും അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനെക്കുറിച്ചും അദ്ദേഹം ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പ്രധാന ദേശീയ മാധ്യമങ്ങളും പിടിഐ അടക്കമുള്ള വാര്‍ത്ത ഏജന്‍സികളും മാതൃഭൂമി ഡോട്ട്‌കോമിലെ ലേഖനം അടിസ്ഥാനമാക്കി തരൂര്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു
സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടപടികള്‍ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ആരോഗ്യപരമായ മാര്‍ഗമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രമല്ല, കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയിലെ മറ്റു സ്ഥാനങ്ങളിലേക്കുംപാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒട്ടേറെ സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തേക്ക് മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷയെന്നും പാര്‍ട്ടിക്കും രാജ്യത്തിനും വേണ്ടി അവരുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നത് പൊതുജനതാത്പര്യത്തെ ഉത്തേജിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു. അതേസമയം, അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല.
ഞായറാഴ്ചയാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഇതിനു പിറ്റേദിവസമാണ് ജി-23 നേതാക്കളിലൊരാളായ ശശി തരൂര്‍ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിന്റെ ആവശ്യകതയെക്കുറിച്ച് തന്റെ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെ 2000-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധിക്കെതിരേ ജിതേന്ദ്ര പ്രസാദ മത്സരിച്ചിരുന്നു. എന്നാല്‍ സാധുവായ 7542 വോട്ടുകളില്‍ വെറും 94 വോട്ടുകള്‍ മാത്രമാണ് പ്രസാദയ്ക്ക് ലഭിച്ചത്.
Content Highlights: shashi tharoor hints about his contest for congress president election
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..