ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍  പാര്‍ലമെന്റിന്റെ ഐ.ടി. സ്റ്റാന്‍ഡിങ് കമ്മിറ്റി ജൂലായ് 28-ന്  യോഗം ചേരും. കോണ്‍ഗ്രസ് എം.പി. ശശി തരൂരാണ് സമിതി അധ്യക്ഷന്‍. 

ഐ.ടി. മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരെയും കമ്മറ്റി ചോദ്യം ചെയ്യും. ഐ.ടി. സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ യോഗത്തില്‍ ഹാജരാകാന്‍ ഐ.ടി. മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും കമ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈകുന്നേരം നാലുമണിക്കാണ് യോഗം.

പൗരന്മാരുടെ വിവരസുരക്ഷയും സ്വകാര്യതയും എന്ന വിഷയത്തില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി. മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും കമ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെയും (ഡിപാര്‍ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ്) ഉദ്യോഗസ്ഥരില്‍നിന്ന് വിവരം ആരായുക എന്നതാണ് യോഗത്തിന്റെ അജണ്ട. 

കോണ്‍ഗ്രസ് എം.പി. കാര്‍ത്തി ചിദംബരം, ബി.ജെ.പി. എം.പി. തേജസ്വി സൂര്യ, തൃണമൂല്‍ എം.പി. മഹുവാ മോയിത്ര തുടങ്ങിയവരാണ് പാര്‍ലമെന്റിന്റെ ഐ.ടി. സ്റ്റാന്‍ഡിങ് കമ്മിറ്റിയിലെ അംഗങ്ങള്‍.

രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഫോണുകള്‍ ഇസ്രയേല്‍ നിര്‍മിത ചാര സോഫ്റ്റ്‌വെയര്‍ പെഗാസസ് ഉപയോഗിച്ച് അനധികൃതമായി നിരീക്ഷിക്കുകയോ ചോര്‍ത്തുകയോ ചെയ്തുവെന്ന റിപ്പോര്‍ട്ട് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിട്ടുള്ളത്. 

content highlights: shashi tharoor headed parliamentary panel to meet on july 28