മുംബൈ: മഹാരാഷ്ട്രയിലെ ത്രികക്ഷി സര്‍ക്കാരിന്റെ മുഖ്യമന്ത്രിയാകണമെന്ന് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറേയോട് എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍ അഭ്യര്‍ഥിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇരുനേതാക്കളും വ്യാഴാഴ്ച രാത്രി വൈകിയും കൂടിക്കാഴ്ച നടത്തിയിരുന്നു. 

ഉദ്ധവ് താക്കറെയും മകന്‍ ആദിത്യ താക്കറെയും ചര്‍ച്ചകള്‍ക്കായി വ്യാഴാഴ്ച മുംബെയിലെ ശരദ് പവാറിന്റെ വീട്ടിലെത്തിയിരുന്നു. ശിവസേനാ വക്താവ് സഞ്ജയ് റാവത്തും എന്‍.സി.പി നേതാവ് അജിത് പവാറും ചര്‍ച്ചയില്‍ പങ്കെടുത്തു. പവാറിനെ കൂടാതെ, മുഖ്യമന്ത്രിയാകണമെന്ന് ഉദ്ധവ് താക്കറെയോട് സഞ്ജയ് റാവത്തും ആദിത്യ താക്കറെയും അഭ്യര്‍ഥിച്ചുവെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. 

മുഖ്യമന്ത്രിയാകാനില്ലെന്ന നിലപാട് ഉദ്ധവ് താക്കറെ സ്വീകരിച്ചാല്‍ രണ്ടാമത് പരിഗണിക്കപ്പെടുന്ന പേര് സഞ്ജയ് റാവത്തിന്റേതാകാനാണ് സാധ്യത. 

സര്‍ക്കാര്‍ രൂപവത്കരണത്തിനൊരുങ്ങുന്ന ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യത്തിന് മഹാരാഷ്ട്രാ വികാസ് അഘാടി എന്നാണ് പേരു നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിപദം പങ്കുവെക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യോജിപ്പിലെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ബി.ജെ.പി- ശിവസേനാ സഖ്യം തകര്‍ന്നത്. 

content highlights: sharad pawar urged uddhav thackeray to become maharashtra chief minister suggests reports