മുംബൈ: എന്‍.സി.പി അദ്ധ്യക്ഷന്‍ ശരദ് പവാറിന് പിത്താശയ സംബന്ധമായ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഉടന്‍ ശസ്ത്രക്രിയക്ക് വിധേയനാക്കും. മാര്‍ച്ച് 31 ആണ് ശസ്ത്രക്രിയ നടക്കുകയെന്ന് എന്‍.സി.പി വക്താവ് അറിയിച്ചു. ക്യാന്‍സര്‍ രോഗ വിമുക്തനായ 80കാരനായ പവാറിനെ 2004ലും ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.

അടിവയറില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ പവാറിന്റെ പിത്താശയത്തില്‍ കല്ല് കണ്ടെത്തുകയായിരുന്നു. ആയതിനാല്‍ അദ്ദേഹത്തിന്റെ പൊതു പരിപാടികള്‍ എല്ലാം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ റദ്ദാക്കിയതായും എന്‍.സി.പി നേതാവ് നവാബ് മാലിക് ട്വീറ്റ് ചെയ്തു. 

സംസ്ഥാനത്തെ ഭരണമുന്നണിയായ മഹാരാഷ്ട്ര വികാസ് അഗാഡി സഖ്യം വലിയ പ്രതിസന്ധി നേരടുന്ന സാഹചര്യത്തിലാണ് സഖ്യത്തിന്റെ പ്രധാന നേതാവായ പവാര്‍ അസുഖബാധിതനാവുന്നത്. ഇതിനിടയില്‍ പവാര്‍ ബി.ജെ.പി നേതാവ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതായും വാര്‍ത്തകളുണ്ടായിരുന്നു. അമിത് ഷാ ഈ വാര്‍ത്തകളോട് പ്രതികരിച്ചില്ലെങ്കിലും എന്‍.സി.പി ഇത് തള്ളിക്കളഞ്ഞിരുന്നു.

Content Highlights: Sharad Pawar Unwell, Will Be Hospitalised On Wednesday For Surgery: NCP