മുംബൈ: നടി കങ്കണ റണൗട്ടും ശിവസേനയും തമ്മിലുള്ള പോര് മുറുകി നില്‍ക്കെ ശരത് പവാര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കണ്ടു. ശിവസേനയുടെ നേതൃത്വത്തിലുള്ള മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കങ്കണ റണൗട്ടിന്റെ ഓഫീസ് പൊളിക്കാനുള്ള നീക്കം നടത്തിയത് പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം പരത്തിയെന്നും നടിക്ക് അനാവശ്യ പ്രചാരണം നല്‍കിയെന്നും ശരത് പവാര്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ധവ് താക്കറയെയുമായും സഞ്ജയ് റാവത്തടക്കമുള്ള ശിവസേന നേതാക്കളുമായും പവാര്‍ ചര്‍ച്ചനടത്തിയത്.

'നിയമവിരുദ്ധമായ നിര്‍മാണങ്ങള്‍ മുംബൈയില്‍ ഒരു പുതിയ കാര്യമല്ല. എന്നാല്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അതിനെതിരെ പ്രവര്‍ത്തിക്കുന്നത് ചോദ്യങ്ങള്‍ക്ക് ഇടയാക്കുന്നു. എന്നാല്‍ ബിഎംസിക്ക് അവരുടേതായ കാരണങ്ങളും നിയമങ്ങളുമുണ്ട്, അവര്‍ അതനുസരിച്ച് പ്രവര്‍ത്തിച്ചു', എന്‍സിപി നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

ഹൈക്കോടതിയുടെ സ്‌റ്റേയെ തുടര്‍ന്നാണ് മുംബൈയിലെ കങ്കണയുടെ ഓഫീസ് പൊളിച്ചുനീക്കുന്നത് ബിഎംസി നിര്‍ത്തിവെച്ചത്. നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ശിവസേനാ നേതൃത്വവുമായി ഇടയുകയും കേന്ദ്രസര്‍ക്കാര്‍ വൈ പ്ലസ് സുരക്ഷ ഉറപ്പുനല്‍കുകയും ചെയ്തതിനുപിന്നാലെയാണ് കങ്കണയ്‌ക്കെതിരായ നടപടി തുടങ്ങിയത്. ബാന്ദ്രയിലെ പാലി ഹില്ലിലെ കങ്കണയുടെ ഓഫീസില്‍ തിങ്കളാഴ്ച പരിശോധന നടത്തിയ ശേഷം ബി.എം.സി. ഉദ്യോഗസ്ഥര്‍ അവിടെ നോട്ടീസ് പതിച്ചിരുന്നു. തുടര്‍ന്ന് 24 മണിക്കൂറിന് ശേഷമാണ് പൊളിക്കല്‍ ആരംഭിച്ചത്.

പാര്‍പ്പിടകേന്ദ്രം എന്ന നിലയിലാണ് കങ്കണയുടെ കെട്ടിടത്തിന് അനുമതി നല്‍കിയിട്ടുള്ളതെന്നും അത് മറ്റു ആവശ്യത്തിന് ഉപയോഗിക്കുന്നതിന് രൂപമാറ്റം വരുത്തിയെന്നുമാണ് ആരോപണം. കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്ന വെളിപ്പെടുത്തലുകളെപ്പറ്റി അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖും അറിയിച്ചിരുന്നു.

Content Highlights: Sharad Pawar To Meet Uddhav Thackeray Over BMC's Demolition Drive