മുംബൈ: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരെ മുന്‍ പോലീസ് മേധാവി അഴിമതി ആരോപണമുയര്‍ത്തിയതിനെ തുടര്‍ന്ന് ദേശ്മുഖിന്റെ രാജി സംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മഹാ വികാസ് അഘാടി (എംവിഎ) നേതാക്കള്‍ തിങ്കളാഴ്ച മുംബൈയില്‍ യോഗം ചേരും. അനില്‍ ദേശ്മുഖിനെ മന്ത്രിപദത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ പ്രതിപക്ഷകക്ഷികള്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെങ്കിലും അദ്ദേഹത്തോട് രാജി വെക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. വിഷയത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അന്തിമതീരുമാനമെടുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ദേശ്മുഖ് സംസ്ഥാനത്ത് ഒരു 'കവര്‍ച്ച സംഘം'  നടത്തിക്കൊണ്ടു പോവുകയാണെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായ സച്ചിന്‍ വാസെയോട് എല്ലാമാസവും നൂറ് കോടി രൂപ സംഘടിപ്പിച്ച് നല്‍കണമെന്ന് ദേശ്മുഖ് ആവശ്യപ്പെട്ടതായും മുംബൈ മുന്‍ സിറ്റി പോലീസ് കമ്മിഷണര്‍ പരംബീര്‍ സിങ് ഉദ്ധവ് താക്കറെയ്‌ക്കെഴുതിയ കത്തില്‍ ആരോപിച്ചിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വസതിയ്ക്ക് സമീപത്ത് നിന്ന് സ്‌ഫോടകവസ്തുക്കളുമായി എസ്.യു.വി. കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായ സച്ചിന്‍ വാസെ എന്‍ഐഎയുടെ പിടിയിലായ സംഭവത്തില്‍ സ്ഥാനചലനം നേരിട്ട ഉദ്യോഗസ്ഥനാണ് പരംബീര്‍ സിങ്. 

എന്നാല്‍ പരംബീര്‍ സിങ് കത്തില്‍ സൂചിപ്പിച്ച ദിവസങ്ങളില്‍ ദേശ്മുഖ് ആശുപത്രിവാസത്തിലായിരുന്നെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞു. ഫെബ്രുവരി പകുതിയോടെ പരംബീര്‍ സിങ്ങിന് പലയിടങ്ങളില്‍ നിന്നായി ദേശ്മുഖിനെതിരെ വിവരം ലഭിച്ചതായാണ് കത്തില്‍ പറയുന്നതെന്നും എന്നാല്‍ ഫെബ്രുവരി ആറ് മുതല്‍ 16 വരെ അദ്ദേഹം കോവിഡ്  ചികിത്സയ്ക്കായി ആശുപത്രിയിലായിരുന്നെന്നും ശരദ്പവാര്‍ വ്യക്തമാക്കി. 
 
ദേശ് മുഖിനെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരമാണെന്നും പാര്‍ട്ടി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയെ കാണുമെന്നും ദേശ്മുഖിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കുന്ന കാര്യം മുഖ്യമന്ത്രി തീരുമാനിക്കുമെന്നുമാണ്  ശരദ് പവാര്‍ അറിയിച്ചിരുന്നത്.

 

Content Highlights: Sharad Pawar says allegations against Anil Deshmukh by Param Bir Singh 'hold no ground'