ന്യൂഡല്‍ഹി: ബിജെപി ഇതര പാര്‍ട്ടികള്‍ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഒന്നിച്ച് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ശ്രമിക്കുമെന്ന് എന്‍.സി.പി നേതാവ് ശരദ് പവാര്‍. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ എന്‍ ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുമായി ഇതുസംബന്ധിച്ച ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സിബിഐയും റിസര്‍വ് ബാങ്കും പോലെയുള്ള സ്ഥാപനങ്ങള്‍ക്കുമേല്‍ നടത്തുന്ന കടന്നുകയറ്റങ്ങളില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. വിവിധ പാര്‍ട്ടികളെ ഒന്നിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി രാജ്യതലസ്ഥാനത്ത് യോഗം വിളിച്ചുചേര്‍ക്കും. ചന്ദ്രബാബു നായിഡുവുമായും ഫാറൂഖ് അബ്ദുള്ളയുമായും നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
ഒന്നിച്ചു പ്രവര്‍ത്തിച്ചാല്‍ ഭരണഘടനാ സ്ഥാപനങ്ങളെയും ജനാധിപത്യത്തെയും സംരക്ഷിക്കാനാവുമെന്ന് പവാര്‍ പറഞ്ഞു. രാജ്യത്തെ സ്ഥിതിഗതികള്‍ ഓരോ ദിവസവും മോശമാകുന്നുവെന്ന സൂചന നല്‍കുന്നതാണ് സിബിഐയും ആര്‍ബിഐയും പോലെയുള്ള സ്ഥാപനങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം. ജനാധിപത്യം സംരക്ഷിക്കുന്നതിനുവേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. വിവിധ പാര്‍ട്ടികള്‍ ഒത്തുചേര്‍ന്ന് പൊതുമിനിമം പാര്‍ട്ടി തയ്യാറാക്കും. രാജ്യത്തെ ജനാധിപത്യവും ജനങ്ങളും അപകടത്തിലാണെന്ന് ഫാറൂഖ് അബ്ദുള്ള അഭിപ്രായപ്പെട്ടു.
ബിജെപിയുടെ സഖ്യകക്ഷി ആയിരുന്ന ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി ആന്ധ്രാപ്രദേശിന് പ്രത്യേക പദവി കേന്ദ്രം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് എന്‍.ഡി.എ സഖ്യം ഉപേക്ഷിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദുമായി ചന്ദ്രബാബു നായിഡു നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്തിടെ അദ്ദേഹം നടത്തുന്ന രണ്ടാമത്തെ ഡല്‍ഹി സന്ദര്‍ശനമാണിത്. ബിഎസ്പി നേതാവ് മായാവതി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള, ബിജെപി മുന്‍ നേതാവ് യശ്വന്ത് സിന്‍ഹ എന്നിവരുമായി അദ്ദേഹം കഴിഞ്ഞയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.