ശരദ് പവാർ, നിതീഷ് കുമാർ| Photo: PTI, ANI
ന്യൂഡല്‍ഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ ഒന്നിച്ചുള്ള നീക്കത്തിനായി ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ വിളിച്ചുചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കുമെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍. യോഗത്തിലേക്ക് ക്ഷണിച്ച് നിതീഷ് കുമാര്‍ ഫോണില്‍ വിളിച്ചിരുന്നുവെന്നും യോഗത്തില്‍ പങ്കെടുക്കുമെന്നും ശരത് പവാര്‍ പറഞ്ഞു. ജൂണ്‍ 23-ന് പട്‌നയിലാണ് യോഗം നടക്കുന്നത്.
'യോഗത്തിലേക്ക് രാജ്യത്തെ പ്രധാനപ്പെട്ട പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയെല്ലാം നിതീഷ് കുമാര്‍ ക്ഷണിച്ചിട്ടുണ്ട്. ഞാനും യോഗത്തില്‍ പങ്കെടുക്കും. ദേശീയ വിഷയങ്ങളില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ട ആവശ്യകത കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ ക്ഷണം. അതിന് പിന്തുണ നല്‍കേണ്ടത് ഞങ്ങളുടെ കടമയാണ്', പവാര്‍ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ തന്ത്രങ്ങള്‍ മെനയാന്‍ ജൂണ്‍ 23-ന് പ്രതിപക്ഷ യോഗം വിളിച്ചുചേര്‍ത്തതായി കഴിഞ്ഞ ദിവസമാണ് ജെഡിയുവും ആര്‍ജെഡിയും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. രാജ്യത്തെ പതിനഞ്ച് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് വ്യാഴാഴ്ച അറിയിച്ചു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ശിവസേന (യുബിടി) പ്രസിഡന്റ് ഉദ്ധവ് താക്കറെ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
നേരത്തേ ഈ മാസം 12-ന് യോഗം ചേരാന്‍ തീരുമാനിച്ചിരുന്നെങ്കിലും കോണ്‍ഗ്രസും ഡി.എം.കെ.യും ഉള്‍പ്പെടെയുള്ള ചില പാര്‍ട്ടികള്‍ തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് 23-ലേക്ക് മാറ്റിയത്.
പ്രതിപക്ഷ നേതൃത്വത്തിന്റെ കേന്ദ്രസ്ഥാനത്ത് കോണ്‍ഗ്രസും രാഹുലും വരുന്നതിനോട് താത്പര്യമില്ലാത്ത തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി നിര്‍ദേശിച്ചപ്രകാരമാണ് നിതീഷ് 12-ന് പട്‌നയില്‍ ഐക്യസമ്മേളനം വിളിച്ചത്. എന്നാല്‍, കോണ്‍ഗ്രസുമായി കൂടിയാലോചിക്കാതെയായിരുന്നു നിതീഷിന്റെ നടപടി. രാഹുല്‍ഗാന്ധി വിദേശത്തായതിനാല്‍ 12-ന്റെ സമ്മേളനം ഒഴിവാക്കണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു.
Content Highlights: Sharad Pawar confirms presence for Opposition meet in Patna


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..