കിരൺ റിജിജു, നരേന്ദ്ര മോദി, പ്രശാന്ത് ഭൂഷൺ
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷന്റെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമ മേഖലയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകളുടെ പേരിലും അധഃസ്ഥിതര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ കാണിച്ച താല്‍പര്യത്തിന്റെ പേരിലും ശാന്തിഭൂഷണ്‍ സ്മരിക്കപ്പെടുമെന്ന് മോദി പറഞ്ഞു. ശാന്തി ഭൂഷന്റെ വിയോഗത്തില്‍ വേദനയുണ്ടെന്നും കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
'ഇതൊരു യുഗത്തിന്റെ അന്ത്യ'മാണെന്ന് ശാന്തി ഭൂഷന്റെ മകന്‍ പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചു. സ്വാതന്ത്ര്യാനന്തരമുള്ള ഭരണഘടനയുടെ പരിണാമങ്ങളെയും നിയമവ്യവസ്ഥയെയും അടുത്തുനിന്നു കണ്ട വ്യക്തിയായിരുന്നു അച്ഛന്‍. അതേക്കുറിച്ച് പറയുന്ന കോര്‍ട്ടിങ് ഡെസ്റ്റിനി, മൈ സെക്കന്‍ഡ് ഇന്നിങ്സ് എന്നീ രണ്ട് പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഇത് നമുക്കെല്ലാവര്‍ക്കും ഒരു വലിയ നഷ്ടമാണെന്നു മാത്രമേ പറയാനുള്ളൂ, പ്രശാന്ത് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.
ശാന്തി ഭൂഷന്റെ വിയോഗത്തില്‍ ഏറെ ദുഃഖമുണ്ടെന്ന് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജുവും പ്രതികരിച്ചു.
മുന്‍ കേന്ദ്രമന്ത്രിയും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായിരുന്നു. മൊറാര്‍ജി ദേശായി മന്ത്രിസഭ (1977-79)യില്‍ നിയമവകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. കോണ്‍ഗ്രസ് (ഒ)യിലൂടെ രാഷ്ട്രീയപ്രവേശനം നടത്തിയ ശാന്തി ഭൂഷണ്‍ പിന്നീട് ജനതാ പാര്‍ട്ടിയില്‍ അംഗമായി. 1977 മുതല്‍ 1980 വരെ രാജ്യസഭാംഗമായിരുന്നു. 1980-ല്‍ അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നു. 1986-ല്‍ ബി.ജെ.പിയില്‍നിന്ന് രാജിവെച്ചു. ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ ഒരാള്‍ കൂടിയാണ് ശാന്തി ഭൂഷണ്‍. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചുകാലമായി പൊതുപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നില്ല.
രാജ്യം കണ്ട മികച്ച നിയമജ്ഞരില്‍ ഒരാളായിരുന്നു ശാന്തി ഭൂഷണ്‍. ഇന്ദിര ഗാന്ധിയുടെ തിരഞ്ഞെടുപ്പു വിജയത്തെ ചോദ്യം ചെയ്ത് രാജ് നാരായണ്‍ കോടതിയെ സമീപിച്ചപ്പോള്‍ അദ്ദേഹത്തിനു വേണ്ടി ഹാജരായത് ശാന്തി ഭൂഷണ്‍ ആയിരുന്നു. 44-ാം ഭരണഘടനാ ഭേദഗതി അവതരിപ്പിച്ചതും ഇദ്ദേഹമാണ്.
Content Highlights: shanti bhushan death condolences by pm, kiran rijiju and response by son
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..