ശാന്തി മുണ്ട | ഫോട്ടോ സി. ഗണേഷ്
മെയ് 25. നക്സല്ബാരിയില് വസന്തത്തിന്റെ ഇടി മുഴങ്ങിയിട്ട് അമ്പത്തിനാല് വര്‍ഷം. കര്‍ഷകസ്വപ്നം സായുധകലാപമായി മാറിയപ്പോള്‍ ഭരണകൂടം വിറ കൊള്ളുക തന്നെ ചെയ്തു. അര നൂറ്റാണ്ടിലേറെ കഴിഞ്ഞിട്ടും നക്സല്‍ബാരി കൊളുത്തിവിട്ട തിരി അണയുന്നില്ല.വിപ്ലവത്തിന്റെ തീ.അനീതിക്കും അടിച്ചമര്‍ത്തലിനുമെതിരെ പ്രതീക്ഷയുടെ കലാപജ്വാല കൂടുതല്‍ ജ്വലിക്കുകയാണ്.
ചാരു മജുംദാറും കനു സന്യാലുമായിരുന്നു നക്സല്‍ബാരിയുടെ നേതാക്കള്‍. എന്നാല്‍ അവരോടൊപ്പം ഒരു വനിതയുണ്ടായിരുന്നു. നക്സല്‍ബാരി വെടിവെപ്പില്‍ നേരിട്ടു പങ്കെടുത്തവരില്‍ ഇന്ന് അവശേഷിക്കുന്ന ഒരേ ഒരു വനിത എന്നും പറയാം. ശാന്തി മുണ്ട.
1967 മെയ് 25-ന് നക്സല്‍ബാരി വെടിവെപ്പില്‍ സ്ത്രീകളുംകുട്ടികളുമടക്കം 11 പേര് കൊല്ലപ്പെട്ടു. തുടര്‍ന്ന് സാന്താള്‍ ഗോത്രം അടങ്ങുന്ന കര്‍ഷകരായ ജനങ്ങള്‍ സംഘടിച്ച് ജന്മിമാരുടെ ധാന്യപ്പുരകളും പത്തായങ്ങളും കൃഷിയിടവും കൈയേറി. അക്രമ സംഭവങ്ങളും അരങ്ങേറി. ഗ്രാമങ്ങള്‍ നഗരങ്ങളെ വളയുകയാണെന്നും കര്‍ഷകരടങ്ങുന്ന അടിസ്ഥാനവര്‍ഗം ഭരണം പിടിച്ചടക്കാന്‍ പോകുന്നുവെന്നും വാര്‍ത്ത പരന്നു. നൂറ്റാണ്ടുകളായി അനുഭവിക്കുന്ന പീഡനങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തിയ സായുധകലാപം ആരംഭിച്ചത് സിലിഗുഡിയിലെ നക്സബാരിയില് നിന്നായതിനാല്‍ കലാപകാരികള്‍ നക്സലൈറ്റുകള്‍ എന്ന് വിളിക്കപ്പെട്ടു.
കലാപം നിലച്ചെങ്കിലും അതിന്റെ അലയൊലികള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെപ്പോഴും മുഴങ്ങിക്കൊണ്ടിരുന്നു. എന്നാല്‍, അപ്പോഴും സ്ത്രീകളായ വിപ്ലവകാരികളുടെ പേരുകള്‍ അത്ര പുറത്തുവന്നില്ല. വിപ്ലവകാരികള്‍ക്ക് അന്നവും താമസവുമൊരുക്കിയ നിരവധി പേര് ഉണ്ട് സ്ത്രീകളായി. എന്നാല്‍ സമരമുഖത്ത് ശക്തമായി നേരിട്ട് ഇടപെട്ടവരില്‍ ഒരാളാണ് ശാന്തി മുണ്ട.

ഡാര്‍ജിലിങ് ജില്ലയില്‍ മുണ്ട ഗോത്രത്തില്‍ ജനനം. ജനനവര്‍ഷമോ തീയതിയോ അറിയില്ല. സഹോദരനും സഹോദരിയുമൊക്കെ ഉണ്ടായിരുന്നു. ജോതേദാര് (ജന്മികള് ബംഗാളില്‍ അറിയപ്പെടുന്നത് ജോതെദാര് എന്നാണ്) അച്ഛന്റെ കൃഷിപ്പാടം പിടിച്ചെടുത്തു. കൊടിയ പീഡനങ്ങള്‍ക്കിരയായി. ജന്മിഗുണ്ടകളുടെ ആക്രമണത്തെ ഭയന്ന് കൊണ്ടുള്ള ബാല്യകാലം. ജോതെദാര്മാരുടെ പീഡനങ്ങള്‍ക്ക് എതിരെ അച്ഛന് തിരിയുന്നത് കണ്ടാണ് ശാന്തിയുടെ ബാല്യകാലം അവസാനിച്ചത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം വൈകാതെ കനു സന്യാലിന്റെ അനുയായിയായി മാറി. കനുവും കേശബ് സര്‍ക്കാരും ചേര്‍ന്ന് നിശാപാഠശാല സ്ഥാപിച്ചപ്പോള്‍ ശാന്തി ആദ്യം വിദ്യാര്‍ത്ഥിയും പിന്നീട് അവരുടെ പോരാട്ടങ്ങളുടെ സഹയാത്രികയായി മാറുകയുമായിരുന്നു.
ശാന്തിക്ക് 15 വയസ്സുള്ളപ്പോള്‍ കേശബ് ശാന്തിയെ വിവാഹം ചെയ്തു. 1965 മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സജീവമായി. 1967-ലെ കലാപത്തില്‍ സ്ത്രീകളെ സംഘടിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു. 'എന്റെ ചെറിയ മകള്‍ക്ക് 15 ദിവസമേ പ്രായം ഉണ്ടായിരുന്നുള്ളൂ. ഞാന്‍ അവളെ മുതുകില്‍ കെട്ടിവെച്ചാണ് ജോറുജോതെയിലേക്ക് (പൊലിസ് വെടിവെപ്പ് നടന്ന ഗ്രാമം) ഓടിപ്പോയത്.'
ഇപ്പോള്‍ എണ്പതു വയസ്സു പിന്നിട്ട ശാന്തി അക്കാലത്തെക്കുറിച്ച് പറയുന്നു: 'സ്ത്രീകള്‍ പോലീസിനെ വളഞ്ഞു. ഇതുപോലൊരു ആള്‍ക്കൂട്ടം ഞാനെന്റെ ജീവിതത്തില്‍ കണ്ടിട്ടില്ലായിരുന്നു. ആവേശം തിരമാല പോലുയര്ന്ന് ജനം മുദ്രാവാക്യം വിളിച്ചു. ഞാനും തൊണ്ട പൊട്ടി വിളിക്കുകയാണ്. പൊലീസ് അക്ഷമരായി. പൊടുന്നനെ ജനക്കൂട്ടത്തിലേക്ക് പോലീസ് വെടിവച്ചു. വെടിയുടെ ശബ്ദം കേട്ട് ജനം തലങ്ങും വിലങ്ങും പാഞ്ഞൂ. ഞങ്ങള്‍ ആദ്യമായാണ് തോക്കുകള്‍ കാണുന്നത്. പിടയ്ക്കുന്ന ജീവനുകളെ കണ്ടു. 11 ജീവന് കവര്‍ന്ന നക്സല്‍ബാരി വെടിവെപ്പ്. മെയ് 25-ലെ ആ സംഭവത്തിന് ശേഷം നക്സലൈറ്റുകളെ പിടികൂടുക പോലീസിന്റെ വിനോദമായി. കൃഷിയിറക്കുന്ന മണ്ണിനു വേണ്ടി പോരാടിയവര്‍ ആക്രമികളായി. വര്‍ഷങ്ങളായി പാവപ്പെട്ട കര്‍ഷകരെ അടിമകളാക്കി വെച്ച ജന്മികളുടെ പത്തായങ്ങള്‍ കര്‍ഷകര്‍ പിടിച്ചെടുത്തു. നക്സല്ബാരിയില് വസന്തത്തിന്റെ ഇടിമുഴക്കം എന്ന് ചൈനീസ് റേഡിയോ പറഞ്ഞു. ഞങ്ങള്‍ അതൊന്നുമറിയാതെ ഞങ്ങടെ മണ്ണ് ഞങ്ങള്‍ക്ക് എന്ന് ഉച്ചത്തില്‍ കൂവുകയായിരുന്നു. ശാന്തിയുടെ കണ്ണൂകള്‍ തിളങ്ങൂന്നു.മുഖം ആവേശഭരിതമാവുന്നു.
കൂട്ടാളികളൊക്കെ ഒളിവില്‍ പോയി. ശാന്തിക്കും ഒളിത്താവളത്തില്‍ കഴിയേണ്ടിവന്നു. അഞ്ചു വര്‍ഷത്തിനു ശേഷമാണ് തിരികെ ഹതിഘിഷയില് എത്തിയത്. ഭൂമിയും വീടും ഒക്കെ നഷ്ടപ്പെട്ടിരുന്നു. തെങ്ങിന്‍മടലും തകരഷീറ്റും ഉപയോഗിച്ച് കുടില്‍ പണിതു. കമ്മ്യൂണിസം ആവേശമായി സിരകളില്‍ ജ്വലിച്ചു. കൊടിയ ദാരിദ്ര്യമായിരുന്നു. പണിയെടുത്ത് പിടിച്ചു നില്ക്കാന് ശ്രമിച്ചു. തുച്ഛമായ കൂലികൊണ്ട് ജീവിക്കുക വലിയ ബുദ്ധിമുട്ടായിരുന്നു.
ഒളിവില്‍പോയ സഖാക്കള്‍ രാത്രിയില്‍ എത്തുമ്പോള്‍ അവര്‍ക്കു വെച്ചുവിളമ്പി. വിപ്ലവസഖാക്കളെ പിന്തുണയ്ക്കുന്ന അമ്മയായി ശാന്തി മാറി. ഇതിനിടെ കേശബിന്റെ മരണവാര്‍ത്ത വന്നെത്തി. 10 ദിവസത്തില്‍ കൂടുതല്‍ ഒരുമിച്ച് കഴിയാത്ത വിപ്ലവദാമ്പത്യത്തിന് അതോടെ അറുതിയായി.
നക്സല്‍ പ്രസ്ഥാനം എന്ത് കൊണ്ടുവന്നു?
ഇന്ത്യയിലാകമാനമുള്ള കര്‍ഷകര്‍ക്ക് ആത്മാഭിമാനത്തൊടെ സമരം ചെയ്യാനുള്ള ത്രാണി നല്‍കിയത് നക്സല്‍ നേതാക്കന്മാരാണ്. അവര്‍ തിരഞ്ഞെടുത്ത പാത തെറ്റായിരുന്നിരിക്കാം. എന്നാല്‍ അവര്‍ അനുഭവിച്ച കൊടിയ അനീതിയെക്കുറിച്ചോര്ത്താല് മാര്‍ഗം തെറ്റായതില്‍ അവരെ കുറ്റം പറയാനും സാധ്യമല്ല.
നക്സല്‍ബാരിക്കുശേഷം കര്‍ഷകര്‍ക്ക് ഗുണം ലഭിച്ചുവോ?
കര്‍ഷകര്‍ക്ക് കൃഷിഭൂമി കിട്ടി എന്നതിനേക്കാള്‍ തൊഴിലാളികള്‍ അടിസ്ഥാന വര്‍ഗബോധത്തിലേക്ക് ഉണരാനുള്ള ശക്തി നേടി എന്നു പറയാം. മുഴുവനായിട്ടല്ല. ബംഗാളിലെ ഭൂപരിഷ്കരണം പൂര്‍ണമല്ല. അതിന്റെ പ്രശ്നങ്ങള്‍ ഇനിയും പരിഹരിക്കാനിരിക്കുന്നതേയുള്ളൂ..വര്‍ഗീയതയും ഗുണ്ടാരാഷ്ട്രീയവും ബംഗാളിനെ തളര്‍ത്തുകയാണ്.
ഇനിയും പ്രതീക്ഷയുണ്ടോ?
പിന്നെ പ്രതീക്ഷിക്കാതെ. ഞാന്‍ ഇപ്പോള്‍ ജീവിക്കുന്നത് ദേ, ഈ കന്നാലികളെ മേച്ചാണ്. ജനങ്ങളുടെ പ്രശ്നങ്ങള്‍, ദുരിതങ്ങള്‍ അവസാനിക്കുന്നില്ല. ഭരണാധികാരികള്‍ക്ക് അധികാരത്തില്‍ മാത്രമാണ് ശ്രദ്ധ. പാവങ്ങളെ ആര്‍ക്ക് വേണം. എന്നാല്‍, സമൂഹത്തിലെ അനീതികള്‍ ഏറ്റവും പാവപ്പെട്ട കര്‍ഷകരാല്‍ ചോദ്യം ചെയ്യുന്ന ദിവസം വരികതന്നെ ചെയ്യുമെന്ന് ഞാന്‍ കരുതുന്നു. കാരണം വിപ്ലവം മുദ്രാവാക്യമല്ല, മര്‍ദിത ജനതയുടെ തീയാണ്. നൈതികതയുടെ വിഷയമാണ്.
മനുഷ്യരെക്കാള്‍ പശുക്കളെ കാണുന്നവരില്‍നിന്ന് എന്ത് നീതിയാണ് പ്രതീക്ഷിക്കാനാവുക? എങ്കിലും ഞാന്‍ കിനാവു കാണുന്നു പുതിയൊരു നക്സല്ബാരിയെ.

ഇപ്പോള്‍ ഓര്‍മയില്‍ മുഴങ്ങുന്നതെന്താണ്?
നിങ്ങള്‍ വന്ന് നക്സല്‍ സമരത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഞാന്‍ ആ കാലത്തേക്ക് യാത്ര പോയി. നന്ദി. പഴയ ദിനങ്ങള്‍ ഓര്‍ക്കാന്‍ സഹായിച്ചതിന്. ചാരു മജുംദാറിന്റേയും കനു സന്യാലിന്റേയും ചോരഗന്ധമുള്ള, എന്നാല്‍ സ്നേഹ മസൃണമായ വാക്കുകളാണ് ചെവിയില്‍ മുഴങ്ങുന്നത്.
2010-ല്‍ കനു സന്യാലിന്റെ ആത്മഹത്യ നേരില്‍ ആദ്യം കണ്ടത് ശാന്തി മുണ്ടയാണ്(അവസാനകാലത്ത് കനു സന്യാല്‍ ശാന്തിയുടേയും മരുമകള്‍ ജയയുടേയും സംരക്ഷണയിലായിരുന്നു). ഒന്നു നോക്കി. കട്ടിലില്‍ കനുവിനെ കണ്ടില്ല. കുപ്പായമോ ദോത്തിയോ പുറത്തെ അയയിയിലും കണ്ടില്ല. പെട്ടെന്ന് മുകളിലേക്ക് നോക്കിയപ്പോള്‍ കണ്ടു, മേല്‍ക്കൂരയില്‍ കയറിയില്‍ തൂങ്ങിയാടുന്നു സഖാവ്. ഞങ്ങടെ കനുദാ.. അമ്മാദേര് കനുദ.
നക്സല്‍ബാരിയുടെ വാര്‍ഷികം വരികയാണ്. ഇപ്പോഴും ആ ചുവപ്പുരാശിയില്‍ വിശ്വസിക്കുന്നു അല്ലേ?
പലരും പാര്‍ട്ടി വിട്ടു പോയെങ്കിലും ഞാന്‍ പോയില്ല, പോവുകയുമില്ല. മരണംവരെ ചുവപ്പുസ്വപ്നത്തില് ഉറച്ചുനില്‍ക്കും. വിപ്ലവം വരികതന്നെ ചെയ്യും.
സിലിഗുഡി ഡിവിഷനിലെ ഹതിഘിഷ ഗ്രാമത്തില്‍ മരുമകള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം കഴിയുകയാണ് ശാന്തി ഇപ്പോള്‍. ബംഗാളിലെ സമകാലിക രാഷ്ട്രീയം അവര്‍ ശ്രദ്ധിക്കുന്നുണ്ട്. തൃണമൂലിലേക്കും ബി.ജെ.പിയിലേക്കും ജനം ഒഴുകുമ്പോഴും പഴയ വിപ്ലവകാരി പ്രതീക്ഷയില്‍ത്തന്നെ. ചുവന്ന സൂര്യന് ഉദിക്കാതിരിക്കില്ല. കന്നുകാലി മേയ്ക്കലും മറ്റുമാണ് പ്രധാന ജോലിയെങ്കിലും വിപ്ലവസ്മരണകളിരമ്പുമ്പോള് ശാന്തി ശക്തിദുര്ഗയായി മാറുന്നു.
(തിരൂര്‍ മലയാളം സര്‍വ്വകലാശാലയില്‍ ക്രിയേറ്റീവ് റൈറ്റിങ്ങില്‍ അസി. പ്രൊഫസറാണ് ലേഖകന്‍)
Content Highlights: Shanthi Munda, one of the last surviving rebels of the Naxalbari movement speaks
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..