പുണെ: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാമുൻകരുതലിന്റെ ഭാഗമായി രാജ്യത്ത് മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയതോടെ സ്വർണത്തിന്റെ മാസ്ക് ധരിച്ച് യുവാവ്. പുണെയിലെ ശങ്കർ കുരഡെ എന്ന യുവാവാണ് 2.89 ലക്ഷം വില വരുന്ന സ്വർണമാസ്ക് സ്വന്തമാക്കിയത്.

'ഇത് ചെറിയ ദ്വാരങ്ങൾ ഉള്ള വളരെ കനംകുറഞ്ഞ മാസ്കാണ്. അതിനാൽ ശ്വാസമെടുക്കുന്നതിന് ബുദ്ധിമുട്ടില്ല. ഈ മാസ്ക് ധരിച്ചതുകൊണ്ട് പ്രയോജനമുണ്ടാകുമോ എന്ന് ഉറപ്പില്ല.' ശങ്കർ പറയുന്നു. പൊതുവേ സ്വർണാഭരണങ്ങളോട് മമതയുള്ള കൂട്ടത്തിലാണ് ശങ്കർ.  ശങ്കറിന്റെ കൈയിലും കഴുത്തിലും നിറയെ സ്വർണാഭരണങ്ങളാണ്. സാമൂഹിക മാധ്യമത്തിൽ ഒരാൾ വെള്ളിയിൽ തീർത്ത മാസ്ക് ധരിച്ച് നിൽക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് സ്വർണമാസ്ക് സ്വന്തമാക്കണമെന്ന് ശങ്കറിന് തോന്നിയത്.

'കോലപുറിലെ ഒരാൾ വെള്ളി മാസ്ക് ധരിച്ചുനിൽക്കുന്ന ഒരു വീഡിയോ ഞാൻ സോഷ്യൽ മീഡിയയിൽ കണ്ടു. അതിൽനിന്നാണ് സ്വർണമാസ്കെന്ന ആശയം എനിക്ക് ലഭിക്കുന്നത്. ഞാൻ ഒരു സ്വർണപണിക്കാരനോട് സംസാരിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ അഞ്ചര പൗണ്ട് വരുന്ന ഈ സ്വർണ മാസ്ക് അയാൾ എനിക്ക് സമ്മാനിച്ചു.'

എന്റെ കുടുംബാംഗങ്ങൾ എല്ലാവരും സ്വർണം ഇഷ്ടപ്പെടുന്നവരാണ്. അവർ ഇതുപോലുള്ള ഒന്ന് വേണമെന്ന് ആവശ്യപ്പെടുകയാണെങ്കിൽ ഞാൻ അവർക്കും നിർമിച്ചുകൊടുക്കും. സ്വർണമാസ്ക് വെച്ചതുകൊണ്ട് കൊറോണ വൈറസ് എന്നെ ബാധിക്കുമോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ സർക്കാർ നിർദേശങ്ങൾ പാലിക്കുന്നത് വൈറസ് വ്യാപനം തടയാൻ സഹായിക്കും.' ശങ്കർ പറയുന്നു.

Content Highlights: Shankar Kuradehas got himself a mask made of gold worth Rs 2.89 Lakhs