ന്യൂഡല്‍ഹി: റഫാല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ കടന്നാക്രമണവുമായി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ പ്രതിരോധസേനകള്‍ക്കെതിരെ മോദി നടത്തിയ 1.3 ലക്ഷം കോടി രൂപയുടെ മിന്നലാക്രമണമാണ് റഫാല്‍ കരാര്‍ എന്ന് രാഹുല്‍  ഗാന്ധി ആരോപിച്ചു.

'പ്രധാനമന്ത്രി നരേന്ദ്രമോദി അനില്‍ അംബാനിയുമായി ചേര്‍ന്ന് പ്രതിരോധസേനകള്‍ക്ക് നേരെ  1.3 ലക്ഷം കോടി രൂപയുടെ മിന്നലാക്രമണം നടത്തുകയായിരുന്നു. മോദി ജി,രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച സൈനികരുടെ രക്തത്തെയാണ് താങ്കള്‍ അപമാനിച്ചത്. ലജ്ജ തോന്നുന്നു. താങ്കള്‍ ചതിച്ചത് ഇന്ത്യയുടെ ആത്മാവിനെയാണ്.' രാഹുല്‍ ട്വീറ്റ് ചെയ്തു.

റഫാല്‍ ഇടപാടില്‍ ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ട് ഏവിയേഷനൊപ്പം ഇന്ത്യന്‍ സര്‍ക്കാര്‍ പങ്കാളിയായി നിര്‍ദേശിച്ചത് മുകേഷ് അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെയാണെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദ് വെളിപ്പെടുത്തിയിരുന്നു. കരാറിലെ ഇന്ത്യന്‍ കമ്പനിയെ തീരുമാനിക്കുന്നതില്‍ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്ന് ഫ്രഞ്ച് സര്‍ക്കാരും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് വീണ്ടും രംഗത്തെത്തിയത്.

Content highlights: Rafale Deal, Rahul Gandhi, Narendra Modi, Anil Ambani, French Government