ശാമന്നൂർ ശിവശങ്കരപ്പ | Photo: PTI
ബെംഗളൂരു: രാജ്യത്തെ ഏറ്റവും പ്രായമേറിയ സ്ഥാനാര്‍ഥി ശാമന്നൂര്‍ ശിവശങ്കരപ്പയ്ക്ക് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ശിവശങ്കരപ്പ ദാവന്‍ഗരെ സൗത്ത് നിയോജകമണ്ഡലത്തില്‍ നിന്ന് തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി ബിജെപിയുടെ അജയ് കുമാറിനേക്കാള്‍ 27,888 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. ശിവശങ്കരപ്പയ്ക്ക് 84,298 വോട്ടുകള്‍ ലഭിച്ചു. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടുകളുടെ എണ്ണവും ഭൂരിപക്ഷവും മെച്ചപ്പെടുത്തി.
92 കാരനായ ശിവശങ്കരപ്പ കര്‍ണാടകയില്‍ നിന്ന് മത്സരിച്ച ഏറ്റവും സമ്പന്നരായ സ്ഥാനാര്‍ഥികളിലൊരാള്‍ കൂടിയാണ്. പ്രായമേറിയതിനാല്‍ പരസഹായത്താലാണ് നടക്കുന്നതെങ്കിലും മണ്ഡലത്തിലെ വോട്ടര്‍മാരെ നേരിട്ടുകണ്ട് വോട്ടഭ്യര്‍ഥിക്കാന്‍ ശിവശങ്കരപ്പ എത്തിയിരുന്നു. വോട്ടര്‍മാര്‍ക്കും ശിവശങ്കരപ്പയെ ഏറെ മതിപ്പാണ്. ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന പ്രതിനിധി എന്നാണ് ജനങ്ങളുടെ അഭിപ്രായം.
1994-ല്‍ ദാവന്‍ഗരെ നിയോജക മണ്ഡലത്തില്‍നിന്നാണ് ശിവശങ്കരപ്പ ആദ്യമായി നിയമസഭയില്‍ എത്തുന്നത്. പിന്നീട് 2004-ലും 2008-ലും 2013-ലും 2018-ലും ഇതേ മണ്ഡലത്തില്‍നിന്ന് തന്നെ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു, ഇതിനിടെ രണ്ട് തവണ ലോക്സഭാ സ്ഥാനാര്‍ഥിയായി ഒരു തവണ ജയിച്ചു, ഒരു തവണ പരാജയപ്പെട്ടു. അദ്ദേഹത്തിന്റെ രാഷ്ട്രീയ പിന്‍ഗാമിയും മകനുമായ എസ്.എസ്. മല്ലികാര്‍ജുനയും തിരഞ്ഞെടുപ്പ് ഗോദയിലുണ്ടായിരുന്നു. ദാവന്‍ഗരെ നോര്‍ത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായെത്തിയ മല്ലികാര്‍ജുനും ജയം നേടി
വീരശൈവ ലിംഗായത്ത് മഹാസഭയുടെ അധ്യക്ഷനായ ശിവശങ്കരപ്പയ്ക്കെതിരെ ബി.ജെ.പി. കളത്തിലിറക്കിയത് ലിംഗായത്ത് സമുദായത്തില്‍നിന്നുള്ള അജയ് കുമാറിനെയാണ്. എന്നാല്‍ ഈ മണ്ഡലത്തിലെ ജനങ്ങള്‍ ജാതിമത വ്യത്യാസമില്ലാതെ തനിക്കൊപ്പമാണെന്നാണ് ശിവശങ്കരപ്പ പ്രചാരണത്തിനിടെ പ്രതികരിച്ചിരുന്നു.
Content Highlights: Shamanur Shivashankarappa, Indian National Congress, the oldest candidate, Karnataka Election 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..