ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വീട്ടിലേക്ക് ഞായറാഴ്ച മാര്‍ച്ച് നടത്തും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക എന്നതാണ് അതില്‍ പ്രധാനം.
സിഎഎയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓഫീസുമായി ബന്ധപ്പെടാമെന്നും മൂന്നുദിവസത്തിനുള്ളില്‍ സമയം അനുവദിക്കുമെന്നും കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ അമിത് ഷാ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അമിത്ഷായുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്താന്‍ ഷഹീന്‍ ബാഗിലെ സമരക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ഈ നിയമവുമായി ബന്ധപ്പെട്ട ആര്‍ക്കെങ്കിലും ആശങ്കകളുണ്ടെങ്കില്‍ തന്നെ വന്ന് കാണാന്‍ അമിത്ഷാജി പറഞ്ഞിരുന്നു. ഷഹീന്‍ ബാഗിന് ഈ നിയമത്തില്‍ ആശങ്കയുണ്ട്. അതുകൊണ്ട് ഷഹീന്‍ ബാഗിലെ എല്ലാവരും അമിത്ഷായുടെ അടുത്തേക്ക് പോവുകയാണ്. - സമരക്കാരില്‍ ഒരാള്‍ പറഞ്ഞു.
അമിത്ഷായെ കാണാന്‍ പ്രത്യേക പ്രതിനിധി സംഘത്തെ തങ്ങള്‍ അയക്കുന്നില്ലെന്ന് സമരക്കാര്‍ അറിയിച്ചു. 'അമിത് ഷാ മറുപടി നല്‍കേണ്ടത് പ്രതിനിധികള്‍ക്കല്ല മറിച്ച് എല്ലാവര്‍ക്കുമാണ്. പ്രതിനിധി സംഘത്തില്‍ ഞങ്ങള്‍ എല്ലാവരും അംഗങ്ങളാണ്.' അവര്‍ പറയുന്നു.
എന്നാല്‍ ഇതുസംബന്ധിച്ച് യാതൊരു അപേക്ഷയും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ആഭ്യന്ത്രമന്ത്രാലയം അറിയിച്ചു. ഡിസംബര്‍ 15 മുതലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ബാഗില്‍ സമരം ആരംഭിച്ചത്. സിഎഎ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരത്തിന്റെ മുന്‍നിരയിലുള്ളത് സ്ത്രീകളാണ്.
Content Highlights: Shaheen Bhag protesters to march to Amit shah's house
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..