ന്യൂഡല്‍ഹി: കരുനാഗപ്പള്ളിയിലെ എസ്.എഫ്.ഐ നേതാവ് എസ് അജയപ്രസാദിനെ ആക്രമിച്ച് കൊലപ്പെടുത്തിയ ആര്‍.എസ്.എസുകാരായ പ്രതികള്‍ക്ക് കൊലകുറ്റത്തിന് ശിക്ഷ നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനം. ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരി, വിക്രം നാഥ് എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ചിന്റേത് ആണ് തീരുമാനം.

എസ് അജയപ്രസാദിനെ ആക്രമിച്ച് കൊലപ്പെടുത്തിയ ആര്‍.എസ്.എസുകാരായ ആറ് പ്രതികള്‍ക്ക് പത്തുവര്‍ഷംവീതം കഠിനതടവിനാണ് വിചാരണ കോടതി വിധിച്ചത്. 5000 രൂപ വീതം പിഴ ഒടുക്കാനും വിധിച്ചിരുന്നു. ഈ വിധി ഹൈക്കോടതി ശരിവച്ചിരുന്നു. എന്നാല്‍ വിചാരണ കോടതിയും ഹൈക്കോടതിയും, പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരുന്ന കൊലക്കുറ്റം ഒഴിവാക്കിയ ശേഷം മനപൂര്‍വമല്ലാത്ത നരഹത്യക്ക് ആണ് ശിക്ഷ വിധിച്ചത്. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

ക്ലാപ്പന ജങ്ഷനിലെ സ്റ്റേഷനറിക്കടയില്‍ നില്‍ക്കുകയായിരുന്ന അജയപ്രസാദിനെ രണ്ട് ബൈക്കില്‍ എത്തിയ ആര്‍.എസ്.എസ് സംഘം രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരില്‍ നിഷ്ഠുരമായി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. അക്രമത്തില്‍ 60 തില്‍ അധികം ഗുരുതരമായ പരുക്കുകള്‍ ആണ് അജയ് പ്രസാദിന്റെ ശരീരത്തില്‍ ഉണ്ടായത് എന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ തന്നെ പ്രതികള്‍ക്ക് എതിരെ കൊലക്കുറ്റം നിലനില്‍ക്കുമെന്നും അദ്ദേഹം വാദിച്ചു  

ശ്രീനാഥ്, സബിന്‍, സനില്‍, രാജീവന്‍, സുനില്‍, ശിവറാം എന്നീ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് കേസിലെ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍. ഇവര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ആര്‍ ബസന്ത് ഹാജരായി.

Content Highlights: SFI leader Ajay Prasad murder case