Photo: ANI
ന്യൂഡൽഹി: അഭിഭാഷകരുടെ ലൈംഗിക ആഭിമുഖ്യം, സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ എന്നിവ ചൂണ്ടിക്കാട്ടി ജഡ്ജി ആക്കുന്നതില്‍നിന്ന് തടയാനാകില്ലെന്ന് സുപ്രീം കോടതി കൊളീജിയം. സൗരഭ് കൃപാൽ ഉൾപ്പടെ നാല് അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരാക്കണമെന്ന ശുപാർശ വീണ്ടും കേന്ദ്ര സർക്കാരിന് അയച്ചുകൊണ്ടാണ് സുപ്രീം കോടതി കൊളീജിയം നിലപാട് വ്യക്തമാക്കിയത്.
സ്വവർഗാനുരാഗിയും അഭിഭാഷകനുമായ സൗരഭ് കൃപാലിനെ ഡൽഹി ഹൈക്കോടതി ജഡ്ജി ആയി നിയമിക്കണമെന്ന ശുപാർശ വീണ്ടും കേന്ദ്ര സർക്കാരിന് അയക്കാൻ ഇന്നലെ ചേർന്ന സുപ്രീം കോടതി കൊളീജിയം ആണ് തീരുമാനിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം. ജോസഫ് എന്നിവരടങ്ങിയ കൊളീജിയത്തിന്റേതാണ് തീരുമാനം.
രണ്ട് കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സൗരഭ് കൃപാലിനെ ജഡ്ജിയാക്കാനുള്ള ശുപാർശ കേന്ദ്രം മടക്കിയത്. സൗരഭ് കൃപാലിന്റെ പങ്കാളി സ്വിറ്റ്സര്‍ലന്‍ഡ് എംബസിയില്‍ ജോലിചെയ്യുന്ന വിദേശ പൗരൻ ആണെന്നതാണ് ആദ്യകാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ, ഭരണഘടനാപദവി വഹിക്കുന്ന പലരുടെയും പങ്കാളികൾ വിദേശികളാണെന്ന് കൊളീജിയം ചൂണ്ടിക്കാട്ടി. സ്വിസ്റ്റർലൻഡ് ഇന്ത്യയുടെ സൗഹൃദ രാജ്യമാണെന്നും കൊളീജിയം ചൂണ്ടിക്കാട്ടി.
സ്വവർഗാനുരാഗി ആണെന്ന് ചൂണ്ടിക്കാട്ടി സൗരഭ് കൃപാലിന് ജഡ്ജിസ്ഥാനം നിഷേധിക്കുന്നത് തെറ്റാണെന്നും കൊളീജിയം വ്യക്തമാക്കി. ലൈംഗികാഭിമുഖ്യത്തിനനുസരിച്ച് അഭിമാനത്തോടെയും അന്തസോടെയും ജീവിക്കാൻ പൗരന് അവകാശമുണ്ടെന്ന് ഭരണഘടനാ ബെഞ്ച് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലൈംഗികാഭിമുഖ്യം കൃപാൽ മറച്ചുവെച്ചിട്ടില്ലെന്നും കൊളീജിയം വ്യക്തമാക്കി.
കോടതികളുടെ പരിഗണനയിലുള്ള കേസുകളെ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളിൽ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനായ സോമശേഖർ സുന്ദരേശനെ ബോംബെ ഹൈക്കോടതിയിൽ ജഡ്ജി ആക്കാനുള്ള ശുപാർശ കേന്ദ്രം മടക്കിയത്. എല്ലാ പൗരന്മാർക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഭരണഘടന നൽകിയിട്ടുണ്ട്. ആ അവകാശം വിനിയോഗിച്ചുവെന്ന കാരണത്താൽ ജഡ്ജിസ്ഥാനം നിഷേധിക്കാനാകില്ലെന്നും കൊളീജിയം വ്യക്തമാക്കി. അഭിഭാഷകരായ അമിതേഷ് ബാനർജി, സാക്യ സെൻ എന്നിവരെ കൊൽക്കട്ട ഹൈക്കോടതി ജഡ്ജിമാരാക്കാനുള്ള ശുപാർശ വീണ്ടും കേന്ദ്രത്തിന് കൈമാറാനും കൊളീജിയം തീരുമാനിച്ചു.
Content Highlights: Sexual Orientation Doesn’t Make Him Unsuitable For Judgeship: Supreme Court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..