ജന്തർ മന്ദറിനു മുന്നിൽ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾ, ബ്രിജ്ഭൂഷൺ | ഫോട്ടോ: എഎൻഐ, പിടിഐ
ന്യൂഡല്‍ഹി: ദേശീയ റെസ്ലിങ്ങ് ഫെഡറേഷന് പ്രസിഡന്റിനെതിരായ ലൈംഗികാരോപണത്തില്‍ ശക്തമായ നടപടിയുണ്ടാകാതെ സമരത്തില്‍നിന്ന് പിന്മാറില്ലെന്ന് വനിതാ താരങ്ങള്‍. സർക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ തൃപ്തികരമായ ഒരു പ്രതിരകരണവും ലഭിച്ചില്ലെന്ന് സമരംചെയ്യുന്ന ഗുസ്തി താരങ്ങള്‍ പ്രതികരിച്ചു. ആരോപണം നേരിടുന്ന ദേശീയ റെസ്ലിങ്ങ് ഫെഡറേഷന് പ്രസിഡന്റ് ബ്രിജ് ഭൂഷണ് ശരണ്‍ സിങ് രാജിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇല്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്നും ഗുസ്തി താരം വിനേഷ് ഫോഗട്ട് പറഞ്ഞു.
ഞായറാഴ്ച അയോധ്യയില്‍ ഗുസ്തി ഫെഡറേഷന്റെ അടിയന്തര യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറുമായി ഗുസ്തി താരങ്ങള്‍ നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് റെസ്ലിങ്ങ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ യോഗം അയോധ്യയില്‍ വെച്ചു അടിയന്തരമായി വിളിക്കാനുള്ള തീരുമാനത്തിലേക്ക് കായിക മന്ത്രാലയം എത്തിയത്. ഈ മാസം 22-നാണ് യോഗം ചേരുക. യോഗത്തില്‍ ബ്രിജ്ഭൂഷണ് കരണ്‍ രാജി പ്രഖ്യാപനം നടത്തുമെന്ന് സൂചനയുണ്ട്.
ബ്രിജ്ഭൂഷണ് ശരണ്‍ സിങ്ങും ചില പരിശീലകരും വനിതാ താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് മുപ്പതോളം ഗുസ്തി താരങ്ങളാണ് ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ പ്രതിഷേധിച്ചത്. സാക്ഷി മാലിക്, സരിത മോര്, സംഗീത ഫോഗട്ട്, ജിതേന്ദര്‍ കിന്‍ഹ, സുമിത് മാലിക്ക് തുടങ്ങി മുപ്പതോളം കായിക താരങ്ങള്‍ പ്രതിഷേധത്തില്‍ അണിചേര്‍ന്നു. പ്രതിഷേധം തുടര്‍ന്നതോടെ ദേശീയ കായിക മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടു. റെസ്ലിങ്ങ് ഫെഡറേഷനോട് 72 മണിക്കൂറിനകം വിശദീകരണം നല്കാന് കേന്ദ്ര മന്ത്രാലയം ആവശ്യപ്പെട്ടു. പിന്നീട് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ പരാതിക്കാരുമായി നേരിട്ടു കൂടിക്കാഴ്ച നടത്തുകയായിരുന്നു.
ബ്രിജ്ഭൂഷണ് മാനസികമായും ശാരീരികമായും ലൈംഗികമായും നിരന്തരം തങ്ങളെ പീഡിപ്പിക്കാറുണ്ടെന്ന് പരാതിക്കാര്‍ മന്ത്രിയെ അറിയിച്ചു. ക്യാമ്പുകളില്‍ വെച്ചുപോലും പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്ന അവസ്ഥയുണ്ടായതായും കായികതാരങ്ങള്‍ മന്ത്രിയെ അറിയിച്ചു. ഇന്ത്യന്‍ കായികരംഗത്തിനു തന്നെ മാനക്കേടുണ്ടാക്കുന്ന തരത്തിലുള്ള സമീപനമാണ് ബ്രിജ്ഭൂഷണിന്റെ ഭാഗത്തുനിന്നുണ്ടായത് എന്നാണ് കായികതാരങ്ങള്‍ പറഞ്ഞത്. ദീര്‍ഘകാലമായി ബി.ജെ.പി എം. പി സ്ഥാനത്തു തുടരുന്ന ഇയാള്‍ രാഷ്ട്രീയ സ്വാധീനത്തിന്റെ ഹുങ്കിലാണ് തങ്ങളോടു മോശമായി പെരുമാറുന്നതെന്നാണ് കായിക താരങ്ങള്‍ ആരോപിക്കുന്നത്.
അതേസമയം, ആരോപണങ്ങള്‍ റെസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യ ആരോപണങ്ങള്‍ നിഷേധിച്ചു. എന്തുകൊണ്ടാണ് കഴിഞ്ഞ 10 വര്‍ഷം ഇവരൊന്നും പ്രതികരിക്കാതിരുന്നതെന്നും പ്രായം കൂടിയതിനാല്‍ താരങ്ങളുടെ കായികക്ഷമത നഷ്ടപ്പെട്ടുവെന്നും അതിനാലാണ് ഇപ്പോള്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നുവെന്നുമാണ് റെസ്ലിങ്ങ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ വാദം.
Content Highlights: sexual assault allegation against wrestling federation of india president brij bushan saran singh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..