മുംബൈ: മഹാരാഷ്ട്രയിലെ ലൈംഗികത്തൊഴിലാളികള്‍ക്ക് താത്കാലിക ധനസഹായമായി സംസ്ഥാനസര്‍ക്കാര്‍ മാസം തോറും അയ്യായിരം രൂപ നല്‍കും. ആയിരക്കണക്കിന് ലൈംഗികത്തൊഴിലാളികള്‍ക്ക് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലേക്ക് ധനസഹായം അനുവദിച്ചു കൊണ്ട് സര്‍ക്കാര്‍ വ്യാഴാഴ്ച ഉത്തരവ് പുറത്തിറക്കി. പദ്ധതിയ്ക്കായി 50 കോടി രൂപ നീക്കിവെച്ചതായി വനിതാ-ശിശു വികസന മന്ത്രി യശോമതി ഠാക്കുര്‍ വ്യക്തമാക്കി. സ്‌കൂളില്‍ പോകുന്ന കുട്ടികളുള്ളവര്‍ക്ക് അധിക ധനസഹായവും അനുവദിച്ചിട്ടുണ്ട്.
കോവിഡ് കാലത്ത് ലൈംഗികത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാക്കിയതായും ജീവിതവൃത്തിക്കായുള്ള അവകാശം ലൈംഗികത്തൊഴിലാളികള്‍ക്ക് ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയതാണെന്നും മന്ത്രി അറിയിച്ചു. ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്ന ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്രയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്‌കൂളില്‍ പോകുന്ന കുട്ടികളുള്ള അമ്മമാര്‍ക്ക് 2,500 രൂപ അധികസഹായം നല്‍കും. സംസ്ഥാനത്തൊട്ടാകെ 31,000 ത്തോളം ലൈംഗികത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കും. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ പദ്ധതി പ്രഖ്യാപനം.
വ്യാഴാഴ്ച 6,406 പേര്‍ക്ക് കൂടിയാണ് മഹാരാഷ്ട്രയില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 18 ലക്ഷം കടന്നു. രാജ്യത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ 18,02,365 പേര്‍ക്കാണ് ഇതു വരെ രോഗബാധ സ്ഥിരീകരിച്ചത്. സാമ്പത്തിക പ്രക്രിയകള്‍ പുനരാരംഭിച്ചെങ്കിലും വ്യാവസായികമേഖലയില്‍ പ്രതിസന്ധി തുടരുകയാണ്. കോവിഡ് വ്യാപനം തടയുന്നതിനായി പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ബുധനാഴ്ച പുറത്തിറക്കി.
Content Highlights: Sex workers in Maharashtra to be given financial aid of Rs 5,000 per month from October