ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവതിയുടെ സ്‌കൂട്ടര്‍ നമ്പര്‍ പ്ലേറ്റില്‍ SEX എന്ന പദം കയറികൂടിയ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്റെ ഇടപെടല്‍. പരാതിക്കാരിയുടെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ മാറ്റി നല്‍കണമെന്നാവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ ഡല്‍ഹി ആര്‍ടിഒയ്ക്ക് നോട്ടീസ് അയച്ചു. പുതുതായി വാങ്ങിയ സ്‌കൂട്ടറിന് SEX സീരീസിലുള്ള നമ്പര്‍ ലഭിച്ചതോടെ പരിഹസിക്കപ്പെടുന്നുവെന്ന യുവതിയുടെ പരാതിയെ തുടര്‍ന്നാണ് ഇടപെടല്‍.

SEX സീരീസിലുള്ള നമ്പര്‍ ലഭിച്ചതിനാല്‍ ആളുകള്‍ കളിയാക്കുന്നുവെന്നും കടുത്ത മാനസിക പീഡനമാണ് അനുഭവിക്കുന്നതെന്നും യുവതി വനിതാ കമ്മീഷനെ അറിയിച്ചിരുന്നു. ഇക്കാരണത്താല്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് ഉള്‍പ്പെടെ യാത്ര ചെയ്യാന്‍ പ്രശ്‌നങ്ങള്‍ നേരിടുന്നതായും വെളിപ്പെടുത്തിയിരുന്നു. 

പരാതിക്കാരിയുടെ സ്‌കൂട്ടറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ മാറ്റിനല്‍കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നാണ് നോട്ടീസിലെ നിര്‍ദേശം. സമാനമായ രീതിയില്‍ മറ്റു പരാതികള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അവ അറിയിക്കണമെന്നും വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വനിതാ കമ്മീഷന്‍ ഗതാഗഗത വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

SEX എന്ന പദം ഉള്‍ക്കൊള്ളുന്ന സീരീസില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണം എത്രയാണെന്ന് അറിയിക്കാന്‍ ഗതാഗത വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഒരു പെണ്‍കുട്ടിക്ക് ഇത്രയധികം അപമാനം നേരിടുന്ന രീതിയില്‍ ആളുകള്‍ അധിക്ഷേപകരമായി പെരുമാറുന്നത് നിര്‍ഭാഗ്യകരമാണെന്നും ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പറഞ്ഞു. പെണ്‍കുട്ടിക്ക് ഇനി ഉപദ്രവമുണ്ടാകരുതെന്നും പ്രശ്‌നങ്ങള്‍ നാല് ദിവസത്തിനകം പരിഹരിക്കണമെന്ന് ഗതാഗത വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. 

നമ്പര്‍ പ്ലേറ്റില്‍ SEX പദം കയറികൂടാന്‍ കാരണം

രജിസ്ട്രേഷന്‍ പ്ലേറ്റില്‍ പ്രധാനമായും സ്റ്റേറ്റ് കോഡ്, ജില്ലയുടെ നമ്പര്‍, ഏത് വാഹനമാണെന്നതിന്റെ സൂചന, ലേറ്റസ്റ്റ് സീരീസ്, നമ്പര്‍ എന്നിങ്ങനെയാണ് നല്‍കാറുള്ളത്. ഡല്‍ഹിയിലെ രജിസ്ട്രേഷന്‍ സീരീസ് EX എന്ന അക്ഷരത്തിലാണിപ്പോള്‍. സ്‌കൂട്ടര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വാഹനം തിരിച്ചറിയുന്നതിനായി 'S' നല്‍കുന്നതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. നിര്‍ഭാഗ്യവശാല്‍ ഡല്‍ഹിയില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്ന ആളുകളുടെ നമ്പര്‍ പ്ലേറ്റില്‍ ഇത് പതിവാകുകയാണ്. DL 3SEX എന്നാണ് നമ്പര്‍ ആരംഭിക്കുന്നത്. 

content highlights: SEX on two wheeler number plate: DCW issues notice to RTO