ന്യൂഡല്‍ഹി: പ്ലാസ്റ്റിക് ഉപയോഗത്തിനുള്ള നിയന്ത്രണം ശക്തമാക്കാനൊരുങ്ങി കേന്ദ്രം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉത്പാദനം, ഇറക്കുമതി, സംഭരണം, വിതരണം, വില്‍പന എന്നിവ നിരോധിക്കാനുള്ള പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് അമെന്‍ഡ്‌മെന്റ് റൂള്‍സ് 2021 കേന്ദ്രം പുറത്തിറക്കി. 2022 ജൂലായ് മുതലാണ് നിരോധനം. സെപ്റ്റംബര്‍ 30 മുതല്‍ 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍ക്കും നിരോധനം ബാധകമായിരിക്കും. 

കേന്ദ്രപരിസ്ഥിതി വനം മന്ത്രാലയമാണ് ചട്ടം പുറത്തിറക്കിയിരിക്കുന്നത്. പ്ലാസ്റ്റിക്കില്‍ ഉണ്ടാക്കുന്ന കപ്പ്, പ്ലേറ്റ്, സ്പൂണ്‍, സ്‌ട്രോ, മിഠായി കവര്‍, ക്ഷണക്കത്ത്, സിഗരറ്റ് പാക്കറ്റ് എന്നിവയ്ക്ക് 2022 ജൂലായ് മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. 100 മൈക്രോണില്‍ താഴെയുള്ള പിവിസി ബാനറുകളും ഉപയോഗിക്കാനാവില്ല. ഇയര്‍ ബഡ്ഡുകള്‍ക്കും ബലൂണുകള്‍ക്കുമുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകള്‍, പ്ലാസ്റ്റിക് പതാകകള്‍, മിഠായി സ്റ്റിക്കുകള്‍, ഐസ്‌ക്രീം സ്റ്റിക്കുകള്‍ എന്നിവയ്ക്കും നിരോധനം ബാധകമാണ്. 

നിലവില്‍ 50 മൈക്രോണ്‍ വരെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഉപയോഗിക്കാം. എന്നാല്‍ സെപ്തംബര്‍ 30 മുതല്‍ 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍ ഉപയോഗിക്കാനാവില്ല. 2023 മുതല്‍ കുറഞ്ഞ പരിധി 120 മൈക്രോണ്‍ ആയി ഉയര്‍ത്തും. 

ഒറ്റത്തവണ പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന് സംസ്ഥാനങ്ങള്‍ കര്‍മസമിതി രൂപീകരിക്കണം. സംസ്ഥാനതലപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ദേശീയതലത്തിലും സമിതി രൂപീകരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. 

Content Highlights: Several single use plastic products to be prohibited from July 1, 2022