-
കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ അവിനാശിയില്‍ ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 19 പേര്‍ മരിച്ചു.
പുലര്‍ച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയില്‍ വെച്ച് കെ.എസ്.ആര്‍.ടി.സി അപകടത്തില്‍ പെട്ടത്. 10 പേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ബസിന്റെ 12 സീറ്റുകളോളം ഇടിച്ചുതകര്‍ന്ന നിലയിലാണ്. ടൈല്‍സുമായി കേരളത്തില്‍ നിന്ന് പോയ കണ്ടെയ്‌നര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. കേരള രജിസ്‌ട്രേഷനിലുള്ള ലോറിയാണ് ഇത്.
മരിച്ച 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എട്ടുപേരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. റോസ്‌ലി ( പാലക്കാട്), ഗിരീഷ് ( എറണാകുളം, ഇഗ്‌നി റാഫേല്‍ ( ഒല്ലൂര്‍,തൃശ്ശൂര്‍), കിരണ്‍ കുമാര്‍, ഹനീഷ് ( തൃശ്ശൂര്‍), ശിവകുമാര്‍ ( ഒറ്റപ്പാലം), രാജേഷ്. കെ (പാലക്കാട്), ജിസ്‌മോന്‍ ഷാജു ( തുറവൂര്‍), നസീബ് മുഹമ്മദ് അലി ( തൃശ്ശൂര്‍), കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ബൈജു, ഡ്രൈവര്‍ കം കണ്ടക്ടറായ ടി.ഡി. ഗിരീഷ്, ഐശ്വര്യ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 19 മൃതദേഹങ്ങളും അവിനാശി ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

പരിക്കേറ്റവരെ അവിനാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് ബസ് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ടത്. പാലക്കാട്, തൃശ്ശൂര്‍, എറണാകുളം എന്നിവിടങ്ങളിലേക്ക് റിസര്‍വ് ചെയ്ത യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ബസില്‍ എറണാകുളത്തേക്ക് 25 പേരും, തൃശ്ശൂരേക്ക് 19 പേരും, പാലക്കാട്ടേക്ക് നാലുപേരുമാണ് റിസര്‍വ് ചെയ്തിരുന്നത്.

കണ്ടെയ്‌നര്‍ ലോറി ഇടിച്ച ഭാഗത്തുണ്ടായിരുന്ന യാത്രക്കാര്‍ മരിച്ചുവെന്നാണ് കരുതുന്നത്. ഇവരില്‍ ചിലരുടെ ശരീരഭാഗങ്ങള്‍ ഇടിയുടെ ആഘാതത്തില്‍ ഛിന്നഭിന്നമായി പോയിട്ടുണ്ട്. ബസിലും കണ്ടെയ്‌നര്‍ ലോറിയിലുമായി ചിതറിക്കിടന്ന ശരീര ഭാഗങ്ങള്‍ പോലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് മാറ്റി.

സേലത്ത് വെച്ച് നടന്ന മറ്റൊരു അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചിട്ടുണ്ട്. നേപ്പാളില്‍ നിന്ന് വന്ന ടൂറിസ്റ്റ് ബസും ലോറിയുമാണ് സേലത്ത് കൂട്ടിയിടിച്ചത്. അപകടത്തില്‍ അഞ്ച് നേപ്പാള്‍ സ്വദേശികളാണ് മരിച്ചത്. 26 പേര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം.
Content Highlights: several died in two road accident in Tamil Nadu
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..