പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഇടതുഭരണ കാലത്ത് നടന്ന നിയമനങ്ങളില്‍ ക്രമക്കേടുകളുണ്ടെന്ന് തൃണമൂല്‍ ആരോപണം. നേതാക്കളുടെ ബന്ധുക്കള്‍ കൂട്ടത്തോടെ അനധികൃതമായി നിയമനം നേടിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി), സിബിഐയും ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി.
'സിപിഎം നേതാക്കളുടെ ബന്ധുക്കളും കുടുംബാംഗങ്ങളും പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകളില്‍ അധ്യാപകരായി സര്‍ക്കാര്‍ ജോലി നേടിയിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്' തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇടതുഭരണകാലത്ത് അധ്യാപകമായി ജോലി ലഭിച്ച സിപിഎം നേതാക്കളുടെ പട്ടിക സംസ്ഥാന സര്‍ക്കാരിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സര്‍ക്കാര്‍ സ്‌കൂളുകളിലെ നിയമന കുംഭകോണത്തില്‍ തൃണമൂല്‍ മുന്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജി ജയിലിലാണ്. മറ്റ് ചില തൃണമൂല്‍ നേതാക്കളും കേസില്‍ ആരോപണം നേരിടുന്നു. ഈ ഘട്ടത്തിലാണ് സിപിഎം നേതാക്കളുടെ ബന്ധു നിയമനം ആയുധമാക്കി തൃണമൂല്‍ രംഗത്തെത്തിയിരിക്കുന്നത്.
സിപിഎം നേതാവ് സുജന്‍ ചക്രവര്‍ത്തിയുടെ ഭാര്യക്ക് ദക്ഷിണ കൊല്‍ക്കത്തയിലെ ദിനബന്ധു ആന്‍ഡ്രൂസ് കോളേജില്‍ അനധികൃതമായി ജോലി ലഭിച്ചെന്നും ഘോഷ് ആരോപിച്ചു. ഇതൊരു ചെറിയ ഉദാഹരണം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു പരീക്ഷയും പാസാകാത്ത സുജന്‍ ചക്രവര്‍ത്തിയുടെ ഭാര്യ മിലി ചക്രവര്‍ത്തി 34 വര്‍ഷം ദിനബന്ധു ആന്‍ഡ്രൂസ് കോളേജില്‍ ജോലി ചെയ്തു. 2021-ല്‍ ഇവര്‍ വിരമിക്കുമ്പോള്‍ 55,000 രൂപയായിരുന്നു ഇവരുടെ അടിസ്ഥാന ശമ്പളമെന്നും തൃണമൂല്‍ ആരോപിക്കുന്നു.
പശ്ചിമ ബംഗാള്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി, വ്യാഴാഴ്ച കോടതിയില്‍ പ്രവേശിക്കുന്നതിന് മുമ്പ്, സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിലെ നിയമനത്തിനായി നിരവധി സി.പി.ഐ.എം, ബി.ജെ.പി നേതാക്കള്‍ തന്നോട് ആനുകൂല്യം ചോദിച്ചതായി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ആരോപിച്ചിരുന്നു. ബിജെപി നേതാവും ബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി, ബിജെപി ദേശീയ വൈസ് പ്രസിഡന്റും ലോക്സഭാംഗവുമായ ദിലീപ് ഘോഷ്, സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും നിയമസഭയിലെ മുന്‍ നിയമസഭാ കക്ഷി നേതാവുമായ സുജന്‍ ചക്രവര്‍ത്തി എന്നിവരെ അദ്ദേഹം പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് വാര്‍ത്താസമ്മേളനം വിളിച്ച് സിപിഎമ്മിനെതിരെ ആരോപണവുമായി കുനാല്‍ ഘോഷ് രംഗത്തെത്തിയത്.
പാര്‍ത്ഥ ചാറ്റര്‍ജിയുടെ ആരോപണങ്ങളെ തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നില്ലെന്നും എന്നാല്‍ റിക്രൂട്ട്മെന്റ് അഴിമതിയില്‍ പ്രതിയെന്ന നിലയില്‍ അദ്ദേഹം പരാമര്‍ശിച്ചവരെ ചോദ്യം ചെയ്യുകയും ഈ കേസില്‍ കക്ഷിയാക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights: Several CPI(M) leaders got teachers’ jobs illegally-TMC-demands probe
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..