ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യമെങ്ങും കടുത്ത പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനിടെ സര്‍ക്കാരിനെ ന്യായീകരിച്ച് മന്ത്രി നിതിന്‍ ഗഡ്കരി. ലോകത്ത് നിരവധി മുസ്ലിം രാജ്യങ്ങളുണ്ടെങ്കിലും ഹിന്ദുക്കള്‍ക്ക് മാത്രമായി ഒരു രാജ്യംപോലുമില്ലെന്ന് ഗഡ്കരി പറഞ്ഞു. ദേശീയ ചാനലിന്റെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുക്കള്‍ക്കായി ഒരു രാജ്യം പോലുമില്ല. മുന്‍പ് ഹിന്ദു രാജ്യമായി നേപ്പാള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരൊറ്റ രാജ്യംപോലും ഹിന്ദുക്കള്‍ക്കായി ഇല്ല. അപ്പോള്‍ ഹിന്ദുക്കളും സിഖ് മതക്കാരും എവിടെ പോകും? മുസ്ലിങ്ങള്‍ക്ക്‌ പൗരത്വം ലഭിക്കുന്ന നിരവധി മുസ്ലിം രാജ്യങ്ങളുണ്ട്, അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഗഡ്കരി ആരോപിച്ചു. നമ്മുടെ രാജ്യത്തെ ഒരു മുസ്ലിം പൗരനും ഞങ്ങള്‍ എതിരല്ല. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. വിവേചനത്തിന്റെ രാഷ്ട്രീയത്തിന് എതിരാണ് ഞങ്ങളുടെ സര്‍ക്കാര്‍ എന്ന കാര്യം ഞാന്‍ ഉറപ്പുനല്‍കുകയാണ്, ഗഡ്കരി പറഞ്ഞു. ഈ സാഹചര്യത്തില്‍ പൗരത്വ നിയമം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Several Countries for Muslims But Not a Single One For Hindus, Gadkari on Citizenship Act Row