ജെ.പി.നദ്ദ | Photo:PTI
ന്യൂഡൽഹി: കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരേ ഉയർന്ന വിമർശനങ്ങൾക്ക് ഏഴാംവാർഷികാഘോഷത്തിലൂടെ മറുപടി നൽകാൻ തീരുമാനിച്ച് ബി.ജെ.പി. 2014 മെയ് 30-നാണ് ഒന്നാം മോദി സർക്കാർ അധികാരത്തിലെത്തിയത്.
ഏഴുവർഷം പൂർത്തിയാക്കുന്ന വേളയിൽ ആഘോഷപരിപാടികൾ ഒന്നും പാടില്ലെന്നാണ് പാർട്ടി പ്രവർത്തകർക്ക് ദേശീയ നേതൃത്വം നൽകിയിരിക്കുന്ന നിർദേശം. പകരം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്കാവശ്യമായ സഹായ സഹകരണങ്ങൾ ഉറപ്പുവരുത്തണം. ഒരുലക്ഷം ഗ്രാമവാസികളുമായി നേരിട്ട് ബന്ധപ്പെടാനാണ് പാർട്ടിയുടെ പദ്ധതി. സാനിറ്റൈസർ, മാസ്ക്, ഓക്സിമീറ്റർ, റേഷൻ മുതലായവ ജനങ്ങൾക്ക് വിതരണം ചെയ്യാനും പദ്ധതിയുണ്ട്.
കേന്ദ്രമന്ത്രിമാർക്കും ഇതുസംബന്ധിച്ച് പ്രത്യേക നിർദേശം പാർട്ടി നൽകിക്കഴിഞ്ഞു. ഒരു കേന്ദ്രമന്ത്രി ചുരുങ്ങിയത് രണ്ടുഗ്രാമങ്ങളെങ്കിലും സന്ദർശിച്ചിരിക്കണം. നേരിട്ട് എത്താൻ അസൗകര്യമുളളവർ ഓൺലൈൻ മുഖേന ഗ്രാമവാസികളുമായി സംവദിക്കണം. രാജ്യവ്യാപകമായി അമ്പതിനായിരം രക്തദാനക്യാമ്പ് സംഘടിപ്പിക്കാനും പാർട്ടി പദ്ധതി ഇട്ടിട്ടുണ്ട്.
ഏഴാം വാർഷികത്തോട് അനുബന്ധിച്ച് പാർട്ടി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കർമപദ്ധതികൾ പാർട്ടി അധ്യക്ഷൻ ജെ.പി.നദ്ദയാണ് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച ഇതുസംബന്ധിച്ച് ദേശീയ -സംസ്ഥാന ഭാരവാഹികളുമായി നദ്ദ വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തിയിരുന്നു. കോവിഡ് ബാധിതരായ ആളുകൾക്ക് സഹായമെത്തിക്കുന്നത് സംബന്ധിച്ച് എംപിമാരുമായും അദ്ദേഹം സംസാരിച്ചു. പാർട്ടിപ്രവർത്തകർ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നതോ അതിൽ പങ്കെടുക്കുന്നതോ കാണാൻ ഇടയാകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഏഴുവർഷം ജനങ്ങളെ സേവിക്കാൻ അവസരം തന്നതിന് രാജ്യത്തെ ജനങ്ങൾക്ക് ജെ.പി.നദ്ദ നന്ദി അറിയിച്ചിരുന്നു. സമൂഹ സേവനത്തിനായി പാർട്ടി പ്രവർത്തകർ സ്വയം സമർപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിനെതിരേ വ്യാപകമായി വിമർശനമുയർന്നതിന്റെ പശ്ചാത്തലത്തിലാണ് ഏഴാം വാർഷികം തികച്ചും വ്യത്യസ്തമായ രീയിൽ കൊണ്ടാടാൻ പാർട്ടി തീരുമാനിച്ചത്. കോവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് കേന്ദ്രത്തിനെതിരേ ഉയർന്ന ജനരോഷം ആർഎസ്എസിനെയും ആശങ്കപ്പെടുത്തിയിരുന്നു.
ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി ഡൽഹിയിൽ ബിജെപിയുടെ പ്രതിച്ഛായയെ കുറിച്ച് ചർച്ച ചെയ്യാൻ ബിജെപി-ആർഎസ്എസ് നേതാക്കൾ ചേർന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും പങ്കെടുത്തിരുന്നു.
Content Highlights:Seventh anniversary of Modi Govt ; union ministers to reach 2 villages each
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..