
PTI
ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ ബസ്സുകളില്‍ സ്വന്തം നാടുകളില്‍ എത്തിക്കണമെന്ന കേന്ദ്ര നിര്‍ദേശം അപ്രായോഗികമാണെന്ന് വ്യക്തമാക്കി ഏഴ് സംസ്ഥാനങ്ങള്‍. കേരളമാണ് ഈ നിലപാട് ആദ്യം വ്യക്തമാക്കിയത്. പിന്നാലെ തമിഴ്നാട്, തെലങ്കാന, മഹാരാഷ്ട്രാ, പഞ്ചാബ്, ബിഹാര്‍, രാജസ്ഥാന് എന്നീ ആറ് സംസ്ഥാനങ്ങള്‍കൂടി സമാനമായ നിലപാട് കേന്ദ്രത്തെ അറിയിച്ചു.
കേരളത്തില്‍നിന്ന് കുടിയേറ്റ തൊഴിലാളികളെ ബസ്സുകളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എത്തിക്കുകയെന്നത് അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞിരുന്നു. ദീര്‍ഘദൂരം ബസ്സില്‍ യാത്രചെയ്യുന്നതതിനിടെ വൈറസ് വ്യാപനത്തിനുള്ള സാധ്യത ഏറെയാണ്. 3.60 ലക്ഷത്തിലേറെ കുടിയേറ്റ തൊഴിലാളികളാണ് സംസ്ഥാനത്തെ 20,000ത്തോളം ക്യാമ്പുകളിലായി കഴിയുന്നത്. അവരെയെല്ലാം സ്വന്തം സംസ്ഥാനങ്ങളിലെത്തിക്കാന്‍ പ്രത്യേക നോണ്‍ സ്റ്റോപ്പ് ട്രെയിനുകളാണ് അനുവദിക്കേണ്ടതെന്ന ആവശ്യം മുഖ്യമന്ത്രി ആവര്‍ത്തിച്ചിരുന്നു.
പിന്നാലെ ഇതേകാര്യങ്ങള്‍ വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോത് കത്തയച്ചു. ആയിരക്കണക്കിന് തൊഴിലാളികളെ ബസ്സുകളില്‍ ദീര്‍ഘദൂരം എത്തിക്കുക പ്രായോഗികമല്ലെന്ന് ഗെഹ്ലോത്ത് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ലുധിയാനയില്‍ മാത്രം ഏഴ് ലക്ഷം കുടിയേറ്റ തൊഴിലാളികളുണ്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ചൂണ്ടിക്കാട്ടി. പഞ്ചാബില്‍ മുഴുവനുമുള്ള കുടിയേറ്റ തൊഴിലാളികളുടെ എണ്ണം ദശലക്ഷങ്ങള്‍ വരും. കൃത്യമായ കണക്കെടുപ്പ് നടത്തിയിട്ടില്ലെങ്കിലും പഞ്ചാബിലുള്ള കുടിയേറ്റ തൊഴിലാളികളില്‍ 70 ശതമാനം പേരും ബിഹാറില്‍നിന്ന് ഉള്ളവരാണ്. ഇത്രയധികം തൊഴിലാളികളെ ട്രെയിനില്‍ കൊണ്ടുപോകുന്നതാവും സുരക്ഷിതം. ശരിയായ പരിശോധന അടക്കമുള്ളവ ട്രെയിന്‍ പുറപ്പെടുന്നതിന് മുമ്പ് നടത്താന്‍ കഴിയുമെന്നും അമരീന്ദര്‍ ചൂണ്ടിക്കാട്ടി.
കേന്ദ്ര നിര്‍ദേശത്തെ എതിര്‍ത്ത് തെലങ്കാന സര്‍ക്കാരും രംഗത്തെത്തി. 15 ലക്ഷത്തോളം വരുന്ന കുടിയേറ്റ തൊഴിലാളികളെ ബിഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ റോഡുമാര്‍ഗം എത്തിക്കാന്‍ മൂന്നു മുതല്‍ അഞ്ച് ദിവസംവരെ വേണ്ടിവരുമെന്ന് തെലങ്കാന മന്ത്രി ടി ശ്രീനിവാസ് യാദവ് പറഞ്ഞു.
കുടിയേറ്റ തൊഴിലാളികളെ റോഡുമാര്‍ഗം വിവിധ സംസ്ഥാനങ്ങളിലെത്തിക്കാന്‍ മാസങ്ങളെടുക്കുമെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി ചൂണ്ടിക്കാട്ടി. സ്വന്തം സംസ്ഥാനങ്ങളിലേക്ക് പോകാന്‍ ലക്ഷക്കണക്കിന് പേരാണ് കാത്തിരിക്കുന്നത്. അവരെയെല്ലാം ബസ്സുകളില്‍ നാട്ടിലെത്തിക്കാന്‍ മാസങ്ങള്‍തന്നെ വേണ്ടിവരും. അതിനാല്‍ നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ അനുവദിക്കുകയാണ് വേണ്ടത്. സാമൂഹ്യ അകലം ഉറപ്പാക്കാനും തൊഴിലാളികള്‍ക്കുള്ള ഭക്ഷണവും വെള്ളവും ട്രെയിനില്‍തന്നെ ലഭ്യമാക്കാനും സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുടിയേറ്റ തൊഴിലാളികളെ ബസ്സുകളില്‍ സ്വന്തം നാടുകളിലെത്തിക്കുക എന്നത് പ്രായോഗികമല്ലെന്ന് തമിഴ്നാടും വ്യക്തമാക്കിയിട്ടുണ്ട്. ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ അടക്കമുള്ളവയില്‍ നിന്നുള്ള നാല് ലക്ഷത്തിലധികം കുടിയേറ്റ തൊഴിലാളികളാണ് തമിഴ്നാട്ടിലുള്ളതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
കൊറോണ വൈറസ് വ്യാപനം ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയും സമാനമായ നിലപാടാണ് വ്യക്തമാക്കിയിട്ടുള്ളത്. രാജ്യത്തെ ഏത് സംസ്ഥാനത്ത് ഉള്ളതിനെക്കാളും അധികം കുടിയേറ്റ തൊഴിലാളികള്‍ ഉണ്ടാവുക മുംബൈയിലാണെന്ന് മഹാരാഷ്ട്രാ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Content Highlights: Seven states oppose Centtral Government's plan to transport migrant workers by bus
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..