ഗ്വാളിയര്‍: മധ്യപ്രദേശിലെ ഗ്വാളിയറിലുണ്ടായ തീപ്പിടുത്തത്തില്‍ നാല് കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. തിങ്കളാഴ്ച രാവിലെ മൂന്ന് നിലകളുള്ള റസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലാണ് തീപ്പിടുത്തമുണ്ടായത്. 

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിലെ ഒരു പെയ്ന്റ് കടയില്‍ തീപിടിച്ചതോടെ കെട്ടിടത്തിലാകെ തീപടരുകയായിരുന്നു. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ കുടുങ്ങിയവാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. 

ആദ്യം ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഇതിന് സാധിച്ചിരുന്നില്ല. പിന്നീട് സൈന്യം കൂടി രംഗത്തിറങ്ങിയാണ് തീ അണച്ചത്. അപകടത്തില്‍ പരിക്കേറ്റ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 11 പേരെ കെട്ടിടത്തിനുള്ളില്‍നിന്ന് രക്ഷപ്പെടുത്തി. 

content highlights: Seven Killed in Fire at Shop-cum-residential Complex in Madhya Pradesh