ലഖ്നൗ: യു.പിയിലെ ഗോണ്ട ജില്ലയില്‍ പൂജാരിക്ക് വെടിയേറ്റത് അദ്ദേഹം തന്നെ ഏര്‍പ്പാടാക്കിയ വാടക കൊലയാളിയുടെ തോക്കില്‍ നിന്നാണെന്ന് പോലീസ് കണ്ടെത്തി. പൂജാരി കൂട്ടാളികളും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് കണ്ടെത്തൽ. സംഭവത്തില്‍ രാഷ്ട്രീയ വൈര്യമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ നടത്തിയ ആക്രമണപദ്ധതിയായിരുന്നു ഇത്. പൂജാരി തന്നെയാണ് ഒരു വാടക കൊലയാളിയെ ഏര്‍പ്പാടാക്കിയതെന്നും പോലീസ് പറഞ്ഞു. ക്ഷേത്രത്തിലെ പ്രധാന പൂജാരിയും ഗ്രാമത്തലവനുമുള്‍പ്പെടെ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 

ക്ഷേത്ര പൂജാരി അതുല്‍ ത്രിപാഠി എന്ന സാമ്രാത് ദാസിനാണ് വെടിയേറ്റത്. ഇയാള്‍ നിലവില്‍ ലഖ്‌നൗവിലെ കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. ഇയാള്‍ അശുപത്രി വിട്ടാലുടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

ക്ഷേത്രത്തിലെ മഹാന്ത് സീതാരാമദാസും ഗ്രാമത്തലവനും വെടിയേറ്റ പൂജാരിയും ചേര്‍ന്നാണ് ആക്രമണം ആസൂത്രണം ചെയ്തത്. പൂജാരിക്ക് വെടിയേറ്റത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അയോധ്യയിലെ സന്ന്യാസിമാരടക്കം ഉത്തരവാദികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. 

ഒക്ടോബര്‍ 10 ന് രാത്രി ഗ്രാമത്തിലെ ശ്രീറാം ജാന്‍കി ക്ഷേത്രത്തില്‍ വെച്ചാണ് അതുല്‍ ദാസിന് വെടിയേറ്റതെന്ന് പത്രസമ്മേളനത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് നിതിന്‍ ബന്‍സലും പോലീസ് സൂപ്രണ്ട് ശൈലേഷ് കുമാര്‍ പാണ്ഡെയും പറഞ്ഞു. തുടര്‍ന്ന് മുന്‍ ഗ്രാമത്തലവന്‍ അമര്‍ സിങ്ങിനും കൂട്ടാളികള്‍ക്കുമെതിരെ ക്ഷേത്രത്തിലെ മഹാന്ത് സീതാരാംദാസ് കൊലപാതകശ്രമത്തിന് പരാതി നല്‍കി. അഞ്ച് പോലീസ് സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. 

എന്നാല്‍ ക്ഷേത്രത്തിലെ ഭൂമിയെ ചൊല്ലി മുന്‍ ഗ്രാമത്തലവന്‍ അമര്‍ സിംഗും മഹാന്ത് സീതാരാംദാസും തമ്മില്‍ തര്‍ക്കമുണ്ടെന്നും പോലീസ് പറഞ്ഞു. അമര്‍ സിങ്ങും ഇപ്പോഴത്തെ ഗ്രാമ തലവനായ വിനയ് സിങ്ങും തമ്മില്‍ രാഷ്ട്രീയ വൈരാഗ്യമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് മഹര്‍ സീതാരാംദാസും വിനയ് സിങ്ങും അമര്‍ സിംഗിനെ കേസില്‍ കുടുക്കാന്‍ പദ്ധതിയിടുകയായിരുന്നു. ഇത് പ്രകാരമാണ് ക്ഷേത്ര പുരോഹിതന്റെ സമ്മതത്തോടെ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തത്. ഇതോടെ കേസില്‍ ആദ്യം അറസ്റ്റ് ചെയ്ത മൂന്നു പേരെ ഉടന്‍ വിട്ടയക്കുമെന്ന് പോലീസ് അറിയിച്ചു

Content Highlights: Seven arrested in connection with attack on temple priest in UP''s Gonda