ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. തിരഞ്ഞെടുപ്പ് നടന്ന നാല് കോര്‍പറേഷനുകളില്‍ ഒരിടത്തുമാത്രമാണ് വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപിക്ക് വിജയിക്കാനായത്. രണ്ടിടത്ത് കോണ്‍ഗ്രസ് വിജയിച്ചു. 2022ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇപ്പോഴത്തെ ഫലം ശ്രദ്ധേയമാകുന്നത്.

സോളന്‍, പലംപുര്‍, ധര്‍മശാല, മാന്‍ഡി എന്നീ മുനിസിപ്പല്‍ കോര്‍പറേഷനുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. പലംപുര്‍, സോളന്‍ കോര്‍പറേഷനുകള്‍ കോണ്‍ഗ്രസ് നേടി. മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ശാന്തകുമാറിന്റെ ശക്തികേന്ദ്രമായ പലംപുരില്‍ 15ല്‍ 11 വാര്‍ഡുകളും കോണ്‍ഗ്രസ് പിടിച്ചു. അടുത്തിടെ നടന്ന നഗരസഭാ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ നേരിടേണ്ടിവന്ന വലിയ തിരിച്ചടിക്ക് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ ഈ മുന്നേറ്റം.

ധര്‍മശാലയില്‍ കോണ്‍ഗ്രസിനേക്കാള്‍ സീറ്റുകള്‍ നേടാന്‍ ബിജെപിക്ക് സാധിച്ചെങ്കിലും കേവല ഭൂരിപക്ഷം നേടാനായില്ല. മാന്‍ഡിയില്‍ മാത്രമാണ് ബിജെപിക്ക് ആശ്വാസ വിജയം നേടാനായത്. മുഖ്യമന്ത്രി ജയ് റാം താക്കൂറിന്റെ ജില്ലയായ മാന്‍ഡിയില്‍ 15ല്‍ 11 സീറ്റും ബിജെപി നേടി.

പല സീറ്റുകളിലും ബിജെപിക്ക് വിമത സ്ഥാനാര്‍ഥികളുണ്ടായിരുന്നതാണ് തിരിച്ചടിക്ക് ഇടയാക്കിയതെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ഥികളില്‍ അമ്പത് ശതമാനവും ബിജെപി വിമതരായിരുന്നു. വിമത പ്രശ്‌നം ആദ്യഘട്ടത്തില്‍ത്തന്നെ പരിഹരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ തിരഞ്ഞെടുപ്പ് ഫലം വ്യത്യസ്തമാകുമായിരുന്നെന്നും ചില ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ധന വിലവര്‍ധന അടക്കമുള്ള വിഷയങ്ങള്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും ബിജെപി വിലയിരുത്തുന്നു. 2022ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപിക്കുണ്ടായ തിരിച്ചടി ശ്രദ്ധേയമാകുന്നത്. 

Content Highlights: Setback for BJP, Himachal Civic Body Polls