ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃപാടവം മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തണമെന്ന് ബിജെപി ദേശീയ കണ്‍വെന്‍ഷനില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അടുത്ത അഞ്ചുമാസത്തെ പ്രവര്‍ത്തനം തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി മാത്രമായിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

മോദിയുടെ നേതൃത്വമാണ് ബിജെപിയുടെ ഏറ്റവും വലിയ കരുത്ത്. അദ്ദേഹത്തിനൊപ്പം നില്‍ക്കാന്‍ മറ്റൊരു നേതാവില്ല. അദ്ദേഹത്തെ കേന്ദ്രീകരിച്ചുവേണം പ്രചാരണം. തിരഞ്ഞെടുപ്പിലെ മുഖ്യ ചര്‍ച്ചാവിഷയം രാജ്യത്തെ ആര് നയിക്കുമെന്നതാവണം. അതിനുശേഷമെ മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ചര്‍ച്ചചെയ്യപ്പെടാവൂ - ജെയ്റ്റ്‌ലി പറഞ്ഞു.

പ്രതിപക്ഷ സഖ്യ നീക്കങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. പ്രധാനമന്ത്രിയാകാന്‍ പ്രതിപക്ഷത്തെ വിവിധ നേതാക്കള്‍ ആഗ്രഹിക്കുന്നു. എന്നാല്‍, മോദിക്ക് മുന്നില്‍ നില്‍ക്കാന്‍ അവരൊന്നും ഒരുക്കമല്ല. കോണ്‍ഗ്രസിന്റെ ചെലവില്‍ ബംഗാളില്‍നിന്നുള്ള 'ദീദി'യും ആന്ധ്രയില്‍നിന്നുള്ള 'ബാബു'വും ഉത്തര്‍പ്രദേശില്‍നിന്നുള്ള 'ബഹന്‍ജി'യും പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ഇവരെല്ലാം വാളെടുക്കും. നേതാക്കളുടെ താത്പര്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതോടെ സഖ്യം തകരുമെന്നും ജെയ്റ്റ്‌ലി പരിഹസിച്ചു. ആശയപരമായി ഭിന്നതകള്‍ ഉള്ളവരാണ് സഖ്യമുണ്ടാക്കുന്നത്. ഇത്തരം പരീക്ഷണങ്ങള്‍ മുമ്പും പരാജയപ്പെട്ടിട്ടുണ്ട്.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നാണക്കേടുണ്ടാക്കുന്ന തരത്തില്‍ ഒരു തെറ്റുപോലും മോദി സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നും അരുണ്‍ ജെയ്റ്റലി അവകാശപ്പെട്ടു.

 

Content Highlights: PM Narendra Modi, BJP, Arun Jaitley