രാഹുൽ സിൻഹ | ഫോട്ടോ: Screengrab from video tweeted by @rahulsinhabjp
കൊല്‍ക്കത്ത: ബിജെപി ദേശീയ പുനഃസംഘനയ്‌ക്കെതിരെ പ്രതിഷേധമറിയിച്ച് ബംഗാളില്‍ നിന്നുള്ള നേതാവ് രാഹുല്‍ സിന്‍ഹ. തന്നെ തഴഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നെത്തിയ ആളെ ദേശീയ ജനറല്‍ സെക്രട്ടറി ആക്കിയതിനെതിരെയാണ് ഇദ്ദേഹം പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്.
ഒരു സൈനികനെപ്പോലെ 40 വര്‍ഷത്തോളമായി ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ച തന്നെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് വന്ന ഒരാള്‍ക്ക് വേണ്ടി മാറ്റിനിര്‍ത്തിയെന്ന് രാഹുല്‍ സിന്‍ഹ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. ബിജെപിയെന്ന പാര്‍ട്ടിയെ അതിന്റെ ജനനം മുതല്‍ സേവിച്ചതിന് ലഭിച്ച ഈ പ്രതിഫലത്തേക്കാള്‍ നിര്‍ഭാഗ്യകരമായി മറ്റൊന്നുമില്ലെന്നും അദ്ദേഹം പറയുന്നു.
പാര്‍ട്ടി വിട്ടേക്കുമെന്ന സൂചനയും ഇദ്ദേഹം നല്‍കുന്നുണ്ട്. ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയുന്നില്ലെന്നും പാര്‍ട്ടി തീരുമാനത്തിനെതിരെയോ അനുകൂലമായോ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്താണ് ഭാവികാര്യങ്ങളെന്ന് അടുത്ത 10 ദിവസങ്ങള്‍ക്കുള്ളില്‍ വ്യക്തമാക്കുമെന്നും രാഹുല്‍ സിന്‍ഹ മുന്നറിയിപ്പെന്നവണ്ണം ട്വീറ്റില്‍ പറയുന്നു. ബംഗാളിയിലും ഹിന്ദിയിലുമായാണ് ഇദ്ദേഹത്തിന്റെ ട്വീറ്റ്.
തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ അനുപം ഹസ്രയ്ക്കാണ് രാഹുല്‍ സിന്‍ഹയ്ക്ക് പകരം ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കിയിരിക്കുന്നത്. തൃണമൂല്‍ വിട്ടെത്തിയ മുകുള്‍ റോയ് നിര്‍ദ്ദേശിച്ചതാണ് ഇദ്ദേഹത്തിന്റെ പേരെന്നാണ് വിവരം.
2015ല്‍ ദിലീപ് ഘോഷ് അധ്യക്ഷനാകുന്നതുവരെ ബംഗാളിലെ ബിജെപിയുടെ അധ്യക്ഷനായിരുന്നു രാഹുല്‍ സിന്‍ഹ. 2016ലെ തിരഞ്ഞെടുപ്പില്‍ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
മുകുള്‍ റോയിയെ ദേശീയ ഉപാധ്യക്ഷനാക്കി പുനഃസംഘടനയില്‍ സ്ഥാനം നല്‍കിയിട്ടുണ്ട്. മമതയുടെ വിശ്വസ്ഥനായിരുന്ന മുകുള്‍ റോയ് തൃണമൂലില്‍ നിന്ന് 2017 ലാണ് ബിജെപിയിലെത്തിയത്. അന്നുമുതല്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്നുവെങ്കിലും പാര്‍ട്ടിയില്‍ കാര്യമായ സ്ഥാനങ്ങള്‍ ലഭിക്കാതിരുന്നതില്‍ ഇദ്ദേഹം അസ്വസ്ഥനായിരുന്നു. ഈ പരിഭവം അവസാനിപ്പിക്കാനും ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നത് കൂടി കണക്കിലെടുത്തുമാണ് ഇപ്പോഴത്തെ സ്ഥാനക്കയറ്റം.
അതേസമയം പുനഃസംഘടനയ്‌ക്കെതിരെ ബംഗാള്‍ ബിജെപി ഘടകത്തില്‍ അമര്‍ഷം പുകയുകയാണെന്നാണ് വിവരം. മുതിര്‍ന്ന പലരെയും തഴഞ്ഞ് പുറത്തുനിന്ന് വന്നവര്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നതാണ് ഇവരെ രോഷത്തിലാക്കുന്നത്.
Content Highlights: "Served BJP For 40 Years For This?": Bengal Leader Dropped In Reshuffle
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..