ന്യൂഡല്‍ഹി: റഷ്യ വികസിപ്പിച്ച കോവിഡ് വാക്‌സിനായ സ്പുട്‌നിക് V  സെപ്തംബര്‍ മുതല്‍ ഇന്ത്യയില്‍ ഉത്പാദനം തുടങ്ങുമെന്ന് നിര്‍മാതാക്കള്‍. പ്രതിവര്‍ഷം 300 മില്ല്യണ്‍ ഡോസ് വാക്‌സിനാണ് പുണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍മാണ യൂണിറ്റുകളിലൂടെ ഉത്പാദിപ്പിക്കുകയെന്ന് റഷ്യന്‍ നിര്‍മാതാക്കളായ ആര്‍ഡിഐഫ്(റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്) അറിയിച്ചു. 

വാക്‌സിന്‍ നിര്‍മിക്കാനുള്ള സാങ്കേതികത കൈമാറിയെന്നും സ്പുട്‌നിക് വാക്‌സിന്റ ആദ്യ യൂണിറ്റ് ഉത്പാദനം സെപ്തംബര്‍ മാസത്തോടെ ആരംഭിക്കുമെന്നും ആര്‍ഡിഐഫ് പ്രതിനിധികള്‍ വ്യക്തമാക്കി. 

റഷ്യ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിന്‍ സ്പുട്നിക് V ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡി.ജി.സി.എ.(ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ) നേരത്തെ പ്രാഥമിക അനുമതി നല്‍കിയിരുന്നു. 

നിലവില്‍ സ്പുട്നിക് വാക്‌സിന്‍ ഇറക്കുമതി ചെയ്താണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡിനും ഭാരത് ബയോടെകിന്റെ കോവാക്സിനും ശേഷം ഇന്ത്യയില്‍ വിതരണം ചെയ്യാന്‍ അനുമതി ലഭിച്ചത് സ്പുട്നിക് വാക്സിനാണ്.

ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഡ് പ്രതിരോധ വാക്‌സിനുകളേക്കാള്‍ കാര്യക്ഷമത കൂടുതലാണ് സ്പുട്‌നിക്കിന്. ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാര്യക്ഷമതയുളള വാക്‌സിനാണ് സ്പുട്‌നിക്. കോവിഡിനെതിരേ 91.6 ശതമാനം ഫലപ്രദമാണ് ഈ വാക്സിന്‍ എന്നാണ് ഗവേഷണഫലങ്ങള്‍. 

Content Highlights: Serum Institute To Produce Sputnik V From September, Says Russian Maker