ന്യൂഡല്‍ഹി: കോവിഡിനെതിരേയുള്ള രണ്ടാമത്തെ പ്രതിരോധ വാക്‌സിന്‍ പുറത്തിറക്കാനൊരുങ്ങി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഈ വര്‍ഷം സെപ്തംബറോടെ കോവോവാക്‌സ് വാക്‌സിന്‍ പുറത്തിറക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദര്‍ പുനാവാല വ്യക്തമാക്കി. ശനിയാഴ്ച ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 

അമേരിക്കന്‍ വാക്‌സിന്‍ നിര്‍മാണ കമ്പനിയായ നോവാവാക്‌സും സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് കോവോവാക്‌സ് വികസിപ്പിച്ചത്. വാക്‌സിന്റ ഇന്ത്യയിലെ പരീക്ഷണം പുണെയിലെ ആശുപത്രികളില്‍ ആരംഭിച്ചു കഴിഞ്ഞു. കോവിഡിന്റെ ആഫ്രിക്കന്‍, യുകെ വകഭേദങ്ങള്‍ക്കെതിരേ പരീക്ഷിച്ച കോവോവാക്‌സിന് 89 ശതമാനം ഫലപ്രാപ്തിയുണ്ടെന്നും പുനാവാല ട്വീറ്റ് ചെയ്തു. 

ഓക്‌സ്ഫഡ് സര്‍വകലാശല, ആസ്ട്രാസെനഗ എന്നിവയുമായി സഹകരിച്ച് വികസിപ്പിച്ച സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യ വാക്‌സിനായ കോവിഷീല്‍ഡിന്റെ കുത്തിവെയ്പ്പ് ഈ വര്‍ഷം തുടക്കത്തിലാണ് ആരംഭിച്ചത്. ഇതിനോടകം നിരവധി വിദേശ രാജ്യങ്ങളിലേക്കും കോവിഷീല്‍ഡ് കയറ്റുമതി ചെയ്തിട്ടുണ്ട്. 

യുകെയില്‍ നടത്തിയ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തില്‍ ആദ്യം കോവിഡ് വകഭേദത്തിനെതിരേ 96 ശതമാനം ഫലപ്രാപ്തി കോവോവാക്‌സ് കാണിച്ചിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന രണ്ടാംഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തില്‍ വൈറസിന്റെ യുകെ വകഭേദത്തിനെതിരേ 86.3 ശതമാനം ഫലപ്രാപ്തിയാണ് കാണിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

content highlights: Serum Institute's Adar Poonawalla hopes to launch 2nd Covid vaccine by September