ന്യൂഡല്‍ഹി: കോവിഡ് വാക്‌സിൻ പരീക്ഷണത്തിന് ആളുകളെ തിരഞ്ഞെടുക്കുന്നത് ഇനി ഒരു ഉത്തരവ് ഉണ്ടാവുന്നതുവരെ നിര്‍ത്തിവെക്കണമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ(ഡിസിജിഐ) നിര്‍ദേശം. 

നിലവില്‍ നടക്കുന്ന വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കുചേര്‍ന്നവരുടെ സുരക്ഷാനിരീക്ഷണം ശക്തമാക്കണം, ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പരീക്ഷണത്തിന് ആളുകളെ തിരഞ്ഞെടുക്കുന്നത് പുനരാരംഭിക്കുന്നതിന് മുന്‍പ് യുകെയിലേയും ഇന്ത്യയിലേയും ഡാറ്റ ആന്റ് സേഫ്റ്റി മോണിറ്ററിങ് ബോര്‍ഡില്‍(ഡിഎസ്എംബി) നിന്നുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനും ഡിസിജിഐ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് വാക്സിന്റെ ഇന്ത്യയിലെ പരീക്ഷണത്തിന് നേതൃത്വം നല്‍കുന്നത് സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്. നിലവില്‍  ഓക്‌സ്ഫഡ് കോവിഡ് വാക്‌സിന്‍ രണ്ടും മൂന്നും ക്ലിനിക്കല്‍ പരീക്ഷണഘട്ടത്തിലാണുള്ളത്. യു.കെയില്‍ വാക്സിന്‍ കുത്തിവെച്ച ഒരാള്‍ക്ക് കഴിഞ്ഞ ദിവസം അജ്ഞാതരോഗം കണ്ടെത്തിയ സാഹചര്യത്തില്‍ ഓക്സ്ഫഡ്- അസ്ട്രാസെനെക വാക്‌സിന്റെ അവസാനഘട്ട പരീക്ഷണം നിര്‍ത്തിവെച്ചിരുന്നു. അജ്ഞാതരോഗം കോവിഡ് പ്രതിരോധ മരുന്നിന്റെ പാര്‍ശ്വഫലമാണിതെന്ന സംശയമാണുള്ളത്. എന്നാല്‍ ഇന്ത്യയിലെ പരീക്ഷണം തുടരാനായിരുന്നു തീരുമാനം. 

കോവിഡ് വാക്സിന്റെ ഇന്ത്യയിലെ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ പ്രശ്നങ്ങളൊന്നുമില്ല. അതിനാല്‍ ഇന്ത്യയിലെ പരീക്ഷണം തുടരുകയാണെന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചത്.

Content Highlights: Serum Institute Ordered To Suspend Recruitment For Covid Vaccine Trials