Photo: Pics4news
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് സ്വീകരിച്ചവര്‍ കോടതിയില്‍ ചോദ്യം ചെയ്യുന്നതില്‍നിന്ന് നിര്‍മാതാക്കള്‍ക്ക് നിയമപരമായ സംരക്ഷണം നല്‍കണമെന്ന ആവശ്യവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. വിദേശ വാക്സിന് നിര്‍മാതാക്കളായ ഫൈസറിനും മൊഡേണയ്ക്കും പിന്നാലെയാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. എല്ലാ വാക്സിന് നിര്‍മാതാക്കള്‍ക്കും- വിദേശീയരോ തദ്ദേശീയരോ ആകട്ടെ, സമാനമായ സംരക്ഷണം നല്‍കണം- സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വിദേശ കമ്പനികള്‍ക്ക് നല്കുന്നുണ്ടെങ്കില്, സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് മാത്രമല്ല എല്ലാ വാക്സിന് നിര്‍മാതാക്കള്‍ക്കും നഷ്ടപരിഹാര ഉത്തരവാദിത്തത്തില്‍നിന്ന് സംരക്ഷണം നല്‍കേണ്ടതാണ്. നിയമം എല്ലാവര്ക്കും ഒരു പോലെ ബാധമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. ഓക്സ്ഫഡും ആസ്ട്രാസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിന്റെ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, മറ്റ് മൂന്ന് വാക്സിനുകളുടെ പരീക്ഷണത്തില്‍കൂടി ഏര്‍പ്പെട്ടിരിക്കുകയാണ്. നൊവോവാക്സ് ഫാര്‍മാ കമ്പനിയുമായി സഹകരിച്ച് ഉത്പാദിപ്പിക്കുന്ന കൊവോവാക്സിന്റെയും മൂക്കിലൂടെ നല്കാവുന്ന ഒറ്റ ഡോസ് വാക്സിന് കാഡാജെനിക്സിന്റെയും സ്പൈ ബയോടെക്ക് എന്ന വാക്സിന്റെയും പരീക്ഷണങ്ങളാണ് പുരോഗമിക്കുന്നത്.
വാക്സിന് സ്വീകരിച്ചവരില്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്ന പക്ഷം നഷ്ടപരിഹാരം നല്‍കുന്നതില്‍നിന്നോ നിയമനടപടിയില്നിന്നോ ഉള്ള സംരക്ഷണം ഇതുവരെ ഒരു കമ്പനിക്കും കേന്ദ്രസര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല. ഇന്ത്യയിലെ വാക്സിന് വിതരണം നല്‍കുന്നതുമായി ബന്ധപ്പെട്ട് വിദേശ കമ്പനികളായെ ഫൈസറും മൊഡേണയും മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഇത്.
മറ്റ് രാജ്യങ്ങള്‍ ഈ ആനുകൂല്യം നല്‍കുന്നുണ്ടെന്നും അതില്‍ പ്രശ്നം ഒന്നുമില്ലെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞതായി എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്ക പോലുള്ള രാജ്യങ്ങള്‍ വാക്സിന് നിര്‍മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്കേണ്ടുന്ന ഉത്തരവാദിത്തത്തില്‍നിന്ന് കമ്പനികള്‍ക്ക് സംരക്ഷണം നല്‍കിയിട്ടുണ്ട്. അതിനാല്‍, കോവിഡ് വാക്സിന് സ്വീകരിച്ചതിനു പിന്നാലെ എന്തെങ്കിലും പാര്‍ശ്വഫലമുണ്ടായാല്‍ ഉപയോക്താക്കള്‍ക്ക് നഷ്ടപരിഹാരത്തിന് കോടതിയെ സമീപിക്കാനാവില്ല.
content highlights: serum institute of india seeks indemnity
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..