പ്രതീകാത്മക ചിത്രം | ഫോട്ടോ: എ.എഫ്.പി
ന്യൂഡല്‍ഹി: നിര്‍ത്തിവെച്ചിരിക്കുന്ന ഓക്‌സ്‌ഫഡ് കോവിഡ് 19 വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം പുനരാരംഭിക്കാന്‍ ഇന്ത്യയുടെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ)യുടെ അനുമതി. രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങള്‍ക്കായി ആളുകളെ തിരഞ്ഞെടുക്കുന്നത് നിര്‍ത്തിവെച്ചുകൊണ്ട് നേരത്തെ ഇറക്കിയ ഉത്തരവ് ഡിസിജിഐ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.
വാക്‌സിന്‍ പരീക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്താന്‍ ഡിസിജിഐ നിര്‍ദേശിച്ചിട്ടുണ്ട്. പരീക്ഷണവുമായി ബന്ധപ്പെട്ട് വിപരീത ഫലങ്ങളുണ്ടായാല്‍ അത് കൈകാര്യംചെയ്യുന്നതിനുള്ള ചികിത്സകള്‍ അടക്കമുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയായിരിക്കും എന്ന് വ്യക്തമാക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ക്ലിനിക്കല്‍ പരീക്ഷണത്തിനിടെ വാക്‌സിന്‍ സ്വീകരിച്ച ഒരാള്‍ക്ക് വിശദീകരിക്കപ്പെടാത്ത ഒരു അസുഖം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഓക്‌സ്‌ഫഡിന്റെ ക്ലിനിക്കല്‍ ട്രെയല്‍ ബ്രിട്ടീഷ് ഔഷധ ഉത്പാദന കമ്പനിയായ ആസ്ട്രസെനേക നിര്‍ത്തിവെച്ചത്. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ നടക്കുന്ന അനുബന്ധ ക്ലിനിക്കല്‍ ട്രയല്‍ നിര്‍ത്തിവെക്കാന്‍ ഡിസിജിഐ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനോട് നിര്‍ദേശിച്ചിരുന്നു.
പിന്നീട് ആസ്ട്രസെനേക ക്ലിനിക്കല്‍ ട്രയല്‍ പുനരാരംഭിച്ചിരുന്നു. ആസ്ട്രസെനേകയുമായി ചേര്‍ന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്.
Content Highlights: Serum Institute of India gets DCGI nod to resume clinical trial of Oxford COVID-19 vaccine
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..