പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നല്കുന്ന കോവിഷീല്‍ഡ് വാക്സിന്റെ വില നിര്‍ണയം സംബന്ധിച്ച് ഉയര്‍ന്ന ആക്ഷേപങ്ങള്‍ക്ക് പ്രതികരണവുമായി നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ.
മറ്റു പല ചികിത്സകളേക്കാളും കുറവാണ് കോവിഡ് വാക്സിന് ഈടാക്കുന്ന തുകയെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. അഡ്വാന്‍സ് ഫണ്ടിങ് കാരണം ആഗോള തലത്തില്‍ കോവിഡ് വാക്സിനുകളുടെ പ്രാരംഭവില കുറവാണ്. എന്നാല്‍ വാക്സിന് ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് നിക്ഷേപം ആവശ്യമാണെന്നും വിശദീകരണ കുറിപ്പില്‍ സിറം മേധാവി അദാര്‍ പൂനവാല വ്യക്തമാക്കുന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന കോവിഡ് വാക്സിനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് 'തങ്ങള്‍ നിര്‍മിക്കുന്ന വാക്സിന് ഡോസുകളുടെ പരിമിത ഭാഗം മാത്രമാണ് 600 രൂപയ്ക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് വില്‍ക്കുന്നുള്ളൂ. കോവിഡും ജീവന് അപകടപ്പെടുത്തുന്ന മറ്റു രോഗങ്ങള്‍ക്കുമുള്ള വൈദ്യചികിത്സകളേക്കാളും കുറവാണ് വാക്സിന്റെ വില' സിറം പറയുന്നു.
'നിലവിലെ സ്ഥിതി അങ്ങേയറ്റം ഭയാനകമാണ്. പൊതുജനങ്ങള്‍ അപകട സാധ്യതയിലായിരിക്കുമ്പോള് തന്നെ വൈറസ് നിരന്തരം പരിവര്‍ത്തനം ചെയ്യുന്നു. അനിശ്ചിതത്വം തിരിച്ചറിയുന്നതിലൂടെ, സുസ്ഥിരത ഉറപ്പുവരുത്തേണ്ടതുണ്ട്, മഹാമാരിയോട് പോരാടാനും ജീവന് രക്ഷിക്കാനുമുള്ള ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും നിക്ഷേപം നടത്താന്‍ ഞങ്ങള്‍ക്ക് കഴിയണം' സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കൂട്ടിച്ചേര്‍ത്തു.
വാക്സിനുകളുടെ ആഗോള വില ഇന്ത്യയിലെ വിലയുമായി താരതമ്യം ചെയ്യുന്നതിലൂടെ ഒരു കൃത്യതയില്ലായ്മയാണ് നടത്തുന്നത്. ഇന്ന് വിപണിയില്‍ ലഭ്യമായ ഏറ്റവും താങ്ങാവുന്ന കോവിഡ് വാക്സിന് കോവിഷീല്‍ഡാണ്. അപകടസാധ്യതയുള്ള വാക്സിന് നിര്‍മാണത്തിനായി ആ രാജ്യങ്ങള്‍ നല്കിയ മുന്‍കൂര്‍ ധനസഹായത്തെ അടിസ്ഥാനമാക്കിയാണ് ആഗോളതലത്തില്‍ വാക്സിന്റെ പ്രാരംഭ വില കുറയാന്‍ കാരണം. ഇന്ത്യയുള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ രോഗപ്രതിരോധ പദ്ധതികള്‍ക്കും കോവിഷീല്‍ഡിന്റെ പ്രാരംഭ വിതരണ വില ഏറ്റവും കുറവാണെന്നും സിറം പറയുന്നു.
സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്കും സ്ഥാപനങ്ങള്‍ക്കും 600 രൂപയുമാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു ഡോസ് കോവിഷീല്‍ഡിന് വില നിര്‍ണയിച്ചിട്ടുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..