മുംബൈ: പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ ഉണ്ടായ തീപ്പിടിത്തത്തെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടതായി ഉപമുഖ്യമന്ത്രി അജിത് പവാര്‍ അറിയിച്ചു. തീപ്പിടിത്തമുണ്ടായ സ്ഥലത്ത് നാളെ മുഖ്യമന്ത്രി ഉദ്ധവ് താക്കറേ സന്ദര്‍ശനം നടത്തുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെട്ടിടത്തിന്റെ തീപ്പിടിത്തമുണ്ടായ നിലയില്‍ കോണ്‍ട്രാക്ടറുടെ ആളുകളാണ് ജോലി ചെയ്തിരുന്നത്. തീ നിയന്ത്രണവിധേയമാക്കിയ അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ കണ്ടത് കത്തിക്കരിഞ്ഞ നിലയിലുളള അഞ്ചുമൃതദേഹങ്ങളാണ്. മരിച്ചവരില്‍ രണ്ടുപേര്‍ യു.പിയില്‍ നിന്നുളളവരാണ്. പുണെയില്‍ നിന്നുളള രണ്ടുപേരും ബിഹാറില്‍ നിന്നുളള ഒരാളും മരിച്ചവരില്‍ പെടുന്നു. കോവിഡ് പ്രതിരോധ വാക്‌സിന്‍ ഉല്പാദനത്തെ തീപ്പിടിത്തം ബാധിച്ചിട്ടില്ല. എനിക്ക് ലഭിച്ചിരിക്കുന്ന വിവരമനുസരിച്ച് റോട്ടാവൈറസ് വാക്‌സിന്‍ നിര്‍മാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനുളള ശ്രമത്തിലാണ് സര്‍ക്കാര്‍- അജിത് പവാര്‍ പറഞ്ഞു.
നിലവില്‍ ആളുകളെ രക്ഷിക്കുക എന്നുളളതാണ് പ്രധാനമെന്നും നഷ്ടം സംബന്ധിച്ചുളള കണക്കെടുപ്പ് പിന്നീട് നടത്തുമെന്നുമാണ് സിറം സി.ഇ.ഒ. അദാര്‍ പൂനാവാല അറിയിച്ചത്. തീപ്പിടിത്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി എന്നിവര്‍ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചിട്ടുണ്ട്.
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ നാല്, അഞ്ച് നിലകളിലായി ഉച്ചയ്ക്ക് 2.45 ഓടെയാണ് തീപ്പിടിത്തമുണ്ടായത്. മൂന്നുമണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമായത്. അതേസമയം കെട്ടിടത്തില്‍ വീണ്ടും തീപ്പിടിത്തമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
Content Highlights:Serum institute fire: Ajit Pawar said the state government has ordered a probe