ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഡ് വാക്സിനുകള്‍ ഡോസിന് 150 രൂപ നിരക്കില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വാങ്ങുന്നത് തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ശനിയാഴ്ചയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാര്‍ വാങ്ങുന്ന വാക്‌സിന്‍ ഡോസുകള്‍ മുമ്പത്തെപ്പോലെ സൗജന്യമായി സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

"കോവിഡ് വാക്‌സിനുകള്‍ക്കായുള്ള വില ഡോസിന് 150 രൂപയായി തുടരുന്നുവെന്നത് വ്യക്തമാണ്. ജിഒഐ സംഭരിച്ച ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണമായും സൗജന്യമായി നല്‍കുന്നതും തുടരും", ആരോഗ്യ മന്ത്രാലയം ട്വീറ്ററില്‍ കുറിച്ചു.

പുനെ ആസ്ഥാനമായുള്ള സിറം ഇന്‍സ്റ്റിറ്റ്യൂട്ട് രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ക്ക്  ആഗോളതലത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കായ 600 രൂപയ്ക്കാണ് വാക്‌സിന്‍ വിതരണം  ചെയ്യുന്നതെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് വിശദീകരണം.

വാക്സിനുകള്‍ വാങ്ങുന്നതിനുള്ള വിലസംബന്ധിച്ച് വീണ്ടും ചര്‍ച്ച നടത്തണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

"യുഎസ്, യുകെ, യൂറോപ്യന്‍ യൂണിയന്‍, സൗദി, ബംഗ്ലാദേശ്, തുടങ്ങിയ രാജ്യങ്ങള്‍ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ തുകയ്ക്കാണ് കോവി ഷീല്‍ഡ് ഇന്ത്യന്‍ സര്‍ക്കാര്‍ സംഭരിക്കുന്നത്. ഇന്ത്യയില്‍ നിര്‍മ്മിച്ചതിന് ഇന്ത്യയില്‍ തന്നെ ഏറ്റവും വലിയ തുകയോ?. വിലയുടെ കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചവേണം", എന്നാണ് പ്രധാനമന്ത്രിയയെും ധനമന്ത്രിയെയും ആരോഗ്യമന്ത്രിയെയും ടാഗ് ചെയ്ത് കൊണ്ട് ജയറാം രമേശ് ട്വീറ്റ് ചെയ്തത്.

ഓക്‌സ്‌ഫോര്‍ഡ്-അസ്ട്രാസെനെക കോവിഡ് -19 വാക്‌സിന്‍ വാങ്ങാനായി രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ക്ക് നിശ്ചയിച്ചിട്ടുള്ള 600 രൂപ വില ലോകത്തെവിടെയുമുള്ള ഏറ്റവും വലിയ തുകയാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

CONTENT HIGHLIGHTS: Serum Institute charging highest global price for Covishield, Centre clarifies