പുണെ: സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന വാക്‌സിന്‍ ആദ്യം ഇന്ത്യക്കാര്‍ക്ക് ലഭ്യമാക്കുമെന്നും വാക്സിന് അടിയന്തര ലൈസന്‍സ് ലഭ്യമാക്കാന്‍ ശ്രമം നടത്തിവരികയാണെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി. ഓക്‌സ്ഫഡ് വാക്‌സിന്‍ നിര്‍മാണത്തിന് തയ്യാറെടുക്കുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തിയതിനു ശേഷമാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ. ആദാര്‍ പൂനാവാല ഇക്കാര്യം പറഞ്ഞത്.

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന ഓക്‌സഫഡ് വാക്‌സിന്റെ സവിശേഷതകള്‍ സംബന്ധിച്ച് പ്രധാനമന്ത്രിയോട് വിശദീകരിച്ചതായി പൂനാവാല പറഞ്ഞു. വാക്‌സിന്‍ വിതരണം സംബന്ധിച്ചും അദ്ദേഹവുമായി സംസാരിച്ചു. ഇന്ത്യയിലായിരിക്കും വാക്‌സിന്‍ ആദ്യം വിതരണം നടത്തുക. പിന്നീടായിരിക്കും മറ്റു രാജ്യങ്ങളില്‍ വിതരണം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.

കൂടിയതോതിലുള്ള വാക്‌സിന്‍ നിര്‍മാണത്തിന് വലിയ നിര്‍മാണ സൗകര്യങ്ങള്‍ ഒരുക്കിയതായി പൂനംവാല വ്യക്തമാക്കി. വാക്‌സിന്‍ ഉത്പാദനം സംബന്ധിച്ച വിവരങ്ങള്‍ ഡ്രഗ് കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ഓക്‌സ്ഫഡില്‍ നടക്കുന്ന വാക്‌സിന്‍ പരീക്ഷണത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇതിന്റെ പുരോഗതിയെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഷീല്‍ഡ് എന്ന പേരിലായിരിക്കും വാക്‌സിന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുക.ആദ്യഘട്ടത്തില്‍ ജനുവരി-ഫെബ്രുവരി മാസത്തോടെ 10-15 ദശലക്ഷം ഡോസ് വാക്‌സിനുകള്‍ ഉത്പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഏപ്രില്‍-മേയ് മാസത്തോടെ നൂറ് ദശലക്ഷത്തിനു മേല്‍ ഡോസുകള്‍ ഉത്പാദിപ്പിക്കാനാകും. ജൂണ്‍ ജൂലായ് മാസത്തോടെ 200-300 ദശലക്ഷം വാസ്‌കിനുകളാണ് ഇന്ത്യയ്ക്ക് വേണ്ടിവരികയെന്നും പൂനാവാല പറഞ്ഞു. 

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേഷക സംഘവുമായി സംവദിച്ചതായി മോദി പിന്നീട് ട്വീറ്റ് ചെയ്തു. വാക്‌സിന്‍ ഉദ്പാദനത്തിന് ഇന്ത്യയില്‍ നടക്കുന്ന തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി മോദി മൂന്ന് സ്ഥാപനങ്ങളാണ് ഇന്ന് സന്ദര്‍ശിച്ചത്. അഹമ്മദാബാദിലെ സൈഡസ് ബയോടെക് പാര്‍ക്ക്, ഹൈദരാബാദിലെ ഭാരത് ബയോടെക്, പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലാണ് മോദി സന്ദര്‍ശനം നടത്തിയത്.

Content Highlights: Serum Institute CEO Says In Process of Getting Emergency License for Vaccine