ഇരുസഹോദരങ്ങളും സന്തോഷം പങ്കിടുന്നു. photo: mjassal/twitter
ന്യൂഡല്‍ഹി: 1947ലെ ഇന്ത്യ-പാകിസ്താന് വിഭജനത്തോടെ പരസ്പരം അകന്ന സഹോദരങ്ങള്‍ 74 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി. വിഭജനത്തിന് ശേഷം പാകിസ്താനില്‍ താമസമാക്കിയ മുഹമ്മദ് സിദ്ദിഖും ഇന്ത്യയിലെ പഞ്ചാബിലേക്ക് മാറിയ മുഹമ്മദ് ഹബീബുമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയത്. കര്‍ത്താര്‍പുര്‍ ഇടനാഴിയില്‍വെച്ച് ചൊവ്വാഴ്ചയായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.
ഇന്ത്യ-പാക് വിഭജന സമയത്ത് മുഹമ്മദ് സിദ്ദിഖ് കൈക്കുഞ്ഞായിരുന്നു. വിഭജനത്തോടെ കുടുംബം രണ്ടായി പിരിഞ്ഞു. സിദ്ദിഖ് പിന്നീട് പാകിസ്താനിലെ ഫൈസലാബാദിലും മുതിര്‍ന്ന സഹോദരനായ ഹബീബ് ഇന്ത്യയിലെ പഞ്ചാബിലുമാണ് വളര്‍ന്നത്. ഇരുവരുടെയും ബന്ധുക്കള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി നടത്തിയ തിരച്ചിലിനെടുവിലാണ് സിദ്ദിഖിനേയും ഹബീബിനേയും കണ്ടെത്താനും വീണ്ടും ഒന്നിപ്പിക്കാനും സാധിച്ചത്.
വികാരനിര്‍ഭരമായ ഇരുവരുടെയും കണ്ടുമുട്ടലിന്റെ ദൃശ്യങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഇരുവരും കെട്ടിപ്പിടിച്ച് കരഞ്ഞ് സ്നേഹം പങ്കുവയ്ക്കുന്നതും സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. തീര്‍ഥാടകര്‍ക്ക് വിസയില്ലാതെ ഗുരുദ്വാരയിലെക്കെത്താന് കര്‍ത്താര്‍പുര്‍ ഇടനാഴി തുറന്നതിന് ഇരുസഹോദരങ്ങളും ഇന്ത്യ-പാക് സര്‍ക്കാരുകളോട് നന്ദി അറിയിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാകിസ്താനിലെ കര്‍ത്താര്‍പുര്‍ സാഹിബ് ഗുരുദ്വാരയും പഞ്ചാബിലെ ഗുരുദാസ്പുര്‍ ദേരാ ബാബ നാനക്കും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് കര്‍ത്താര്‍പുര്‍ ഇടനാഴി. അതിര്‍ത്തിയില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ നീളമുള്ള ഇടനാഴി 2019 നവംബറിലായിരുന്നു തുറന്നത്.
content highlights: Separated by Partition, brothers meet at Kartarpur Corridor after 74 years
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..