എസ്. ജയശങ്കർ രാജ്യസഭയിൽ | Photo: ANI
ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നുതന്നെ എണ്ണ ഇറക്കുമതി ചെയ്യണമെന്ന് കേന്ദ്രം എണ്ണക്കമ്പനികളോട് നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. രാജ്യസഭയില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള മികച്ച ഇടപാട് നടത്തുക എന്നത് വിവേകപൂര്‍ണ്ണമായ നയമാണെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് രാജ്യങ്ങളുടെ പ്രവൃത്തികള്‍ക്ക് ഇന്ത്യയിലെ ജനങ്ങള്‍ ദുരിതമനുഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് തന്റെ ചുമതലയാണ്. റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യണമെന്ന് കമ്പനികളോട് ആവശ്യപ്പെട്ടിട്ടില്ല. ലഭ്യമായ ഏറ്റവും മികച്ച സാധ്യത ഉപയോഗപ്പെടുത്തി ഇന്ധനം വാങ്ങാനാണ് കമ്പനികളോട് ആവശ്യപ്പെട്ടിരുന്നത്. വിപണിയെ ആശ്രയിച്ചായിരിക്കും ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു രാജ്യവുമായി മാത്രമല്ല എണ്ണ വ്യാപാരമെന്നും ഒന്നിലേറെ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യുക്രൈനില്‍ അധിനിവേശം നടത്തുന്ന റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്നതില്‍ അമേരിക്കയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ഇന്ത്യയെ വിമര്‍ശിച്ചിരുന്നു. റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി വര്‍ധിപ്പിക്കാനുള്ള ഇന്ത്യന്‍ നടപടി ധാര്‍മികമായി അനുചിതമാണെന്ന് യുക്രൈന് വിദേശകാര്യമന്ത്രി കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളും ഇത് തന്നെയാണ് ചെയ്യുന്നതെന്ന് വിശദീകരിച്ച് റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയെ ഇന്ത്യ ന്യായീകരിച്ചത് പൂര്‍ണ്ണമായും തെറ്റാണെന്നും യുക്രൈന് വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് മന്ത്രി ജയശങ്കറുടെ മറുപടി.
റഷ്യ- യുക്രൈന് യുദ്ധവുമായി ബന്ധപ്പെട്ട്, യുദ്ധത്തിന്റേതല്ല ഈ യുഗമെന്ന് കേന്ദ്രം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'സംഭാഷണവും നയതന്ത്രവുമാണ് പ്രശ്നപരിഹാരമെന്ന് കേന്ദ്രം നിരന്തരം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ പൗരന്മാരെയോ ലോകത്തിലെ മറ്റിടങ്ങളിലുള്ളവരെയോ യുദ്ധം മോശമായി ബാധിക്കുന്ന സാഹചര്യങ്ങളില്‍ ശരിയായ നടപടികള്‍ കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്. ഇന്ധനപ്രതിസന്ധിയുടേയും വിലക്കയറ്റത്തിന്റേയും വളത്തിന്റേയും കാര്യത്തില്‍ യുദ്ധമുണ്ടാക്കുന്ന ആഘാതം കുറയ്ക്കാനുള്ള മുന്‍കരുതലുകള്‍ സര്‍ക്കാരെടുത്തിട്ടുണ്ട്,' എസ്. ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Sensible to get best deal in India’s interest: EAM Jaishankar on oil imports from Russia
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..