ലഖ്‌നൗ: കന്‍വാര്‍ യാത്രയ്‌ക്കെത്തിയ തീര്‍ഥാടകന്റെ പാദം തിരുമ്മിക്കൊടുത്ത് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ എസ് പി അജയ കുമാര്‍ ഐ പി എസാണ് കന്‍വാര്‍ യാത്രയ്‌ക്കെത്തിയ തീര്‍ഥാടകന്റെ പാദം മെഡിക്കല്‍ ക്യാമ്പില്‍വെച്ച് തിരുമ്മിക്കൊടുത്തത്. ഇതിന്റെ വീഡിയോ, സുരക്ഷയ്‌ക്കൊപ്പം സേവനം എന്ന കുറിപ്പോടെ ഷാംലി പോലീസ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. 

തീര്‍ഥാടകരെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി പ്രത്യേക ഹെല്‍ത്ത് സെന്ററുകള്‍ ഉള്‍പ്പെടെ നിരവധി സൗകര്യങ്ങളാണ് ഷാംലി നഗര അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇത്തരത്തിലുള്ള ഒരു സെന്ററില്‍ നിന്നുള്ളതാണ് ഈ വീഡിയോ. ശിവഭക്തര്‍ പ്രതിവര്‍ഷം നടത്തുന്ന തീര്‍ഥയാത്രയാണ് കന്‍വാര്‍ യാത്ര. ഹരിദ്വാര്‍, ഗോമുഖ്, ഉത്തരാഖണ്ഡിലെ ഗംഗോത്രി, ബിഹാറിലെ സുല്‍ത്താന്‍ഗഞ്ച് എന്നിവിടങ്ങളാണ് ഇവര്‍ സന്ദര്‍ശിക്കുക. 

ഈ വീഡിയോ ഒരു ഹെല്‍ത്ത് ക്യാമ്പില്‍നിന്നുള്ളതാണ്. ക്യാമ്പ് ഉദ്ഘാടനത്തിന് എന്നെ ക്ഷണിച്ചിരുന്നു. തീര്‍ഥാടകര്‍ക്കുള്ള പ്രതീകാത്മക സേവനം എന്ന നിലയിലാണ് ഞാന്‍ അങ്ങനെ ചെയ്തത്. പോലീസ് ഉദ്യോഗസ്ഥരെന്ന നിലയില്‍ നഗരത്തിലെ ക്രമസമാധാനം ഉറപ്പാക്കുകയെന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. സുരക്ഷ ഉറപ്പാക്കുകയെന്നതു മാത്രമല്ല നമ്മുടെ ചുമതല, ജനങ്ങളെ സേവിക്കുകയും വേണമെന്ന സന്ദേശം സഹപ്രവര്‍ത്തകര്‍ക്കു നല്‍കാന്‍ താന്‍ ആഗ്രഹിച്ചിരുന്നതായും അജയകുമാര്‍ പറഞ്ഞു.

content highlights: several arrangemets made for Kanwar pilgrims, kanwar yatra