ഷീലാ ദീക്ഷിതിനു പിന്നാലെ ജയ്പാല് റെഡ്ഡിയും യാത്രയാവുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയം കൂടുതല്‍ ദരിദ്രമാവുകയാണ്. സുമനസ്സുകളായിരുന്നു ഇരുവരും. പദവിയിലിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഒരു പോലെ പെരുമാറാന്‍ അറിയാമായിരുന്നവര്‍. കോണ്‍ഗ്രസ്സിന്റെ പ്രകാശഭരിതവും പ്രസന്നഭരിതവുമായ മുഖങ്ങളായിരുന്നു ഷീലയും ജയ്പാലും.
ഇക്കഴിഞ്ഞ ഫിബ്രവരിയില്‍ ഹൈദരാബാദിലെ ജൂബിലിഹില്സിലുള്ള വീട്ടില്‍ വെച്ചാണ് ജയ്പാലിനെ അവസാനമായി കണ്ടത്. തെലങ്കാന - ആന്ധ്ര തിരഞ്ഞെടുപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഹൈദരാബാദിലെത്തിയപ്പോള്‍ ആദ്യം ചെയ്തത് ജയ്പാലിനെ ടെലിഫോണില്‍ വിളിക്കുകയായിരുന്നു. നേരെ വീട്ടിലേക്ക് വരൂ എന്നായിരുന്നു ജയ്പാലിന്റെ മറുപടി. അവിടെ പുസ്തകങ്ങള്‍ നിറഞ്ഞിരിക്കുന്ന അലമാരയ്ക്കരികില്‍ വെള്ളിപോലെ വെട്ടിത്തിളങ്ങുന്ന മുണ്ടും ഷര്‍ട്ടും ധരിച്ച് സുസ്മേരവദനനായി ജയ്പാല് കസേരയിലിരിക്കുന്നുണ്ടായിരുന്നു.
ജയ്പാലിനെപ്പോലുള്ളവരോട് സംസാരിക്കുന്നത് ആഹ്ളാദകരമായ അനുഭവമാണ്. ഏതു ചോദ്യവും ചോദിക്കാം. മറുപടികളിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടാം. ഒരിക്കലും മുഷിഞ്ഞു സംസാരിക്കില്ല. എല്ലായ്പോഴും കാര്യങ്ങള്‍ വിട്ടുപറഞ്ഞെന്നുവരില്ല. പക്ഷേ, ഒരു ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറില്ല. ആന്ധ്രയില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കിയത് സംസ്ഥാനം വിഭജിക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനമായിരുന്നില്ലേയെന്നും അതില്‍ ഭാഗഭാക്കായിരുന്ന ഒരാളെന്ന നിലയ്ക്ക് ഇപ്പോള്‍ കുറ്റബോധമുണ്ടോയെന്നും ചോദിച്ചപ്പോള്‍ ജയ്പാലിന്റെ മറുപടി ആലോചനാമൃതമായിരുന്നു. "ആ തീരുമാനം എടുക്കുന്ന പ്രക്രിയയില്‍ വളരെയധികം ഉള്‍ച്ചേര്‍ന്ന വ്യക്തിയാണ് ഞാന്‍. ഈ ഘട്ടത്തില്‍ ഞാന്‍ അതെക്കുറിച്ച് സംസാരിക്കുന്നത് ശരിയായിരിക്കില്ല." ആന്ധ്ര വിഭജനവും ജഗന്‍മോഹനെ കോണ്‍ഗ്രസില്‍ നിന്ന് പുകച്ചുപുറത്തു ചാടിക്കാനുള്ള നീക്കവും ചരിത്രപരമായ അബദ്ധമായിരുന്നു എന്ന് ജയ്പാല് ഉള്ളുകൊണ്ടു സമ്മതിക്കുന്നതുപോലെയാണ് അന്നു തോന്നിയത്.
നെഹ്രുവിയന്‍ സോഷ്യലിസത്തിലെ വിശ്വാസം ജയ്പാല് ഒരിക്കലും ഒരിടത്തും അടിയറവു വെച്ചിരുന്നില്ല. അടിയന്തരവാസ്ഥയെ എതിര്‍ത്ത് ജനതാപാര്‍ട്ടിയിലേക്ക് പോയപ്പോള്‍ അവിടെ മധു ദന്താവതെയ്ക്കൊപ്പം സോഷ്യലിസ്റ്റ് ചേരിയുടെ ശക്തനായ വക്താവായിരുന്നു ജയ്പാല്. പിന്നീട് ജയ്പാല് കോണ്‍ഗ്രസിലേക്ക് തിരിച്ചു വന്നു. പ്രണബ് മുഖര്‍ജി കഴിഞ്ഞാല്‍ കോണ്‍ഗ്രസില്‍ പാര്‍ട്ടിയുടെ ചരിത്രം കമ്പോട് കമ്പ് പറയാന്‍ കഴിയുന്ന ഒരാള്‍ ജയ്പാലായിരുന്നു.
ആഴമില്ലാത്ത രാഷ്ട്രീയമാണ് ഇക്കാലത്തേതെന്ന് ജയ്പാല് പരാതി പറഞ്ഞിരുന്നത് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രത്യയശാസ്ത്രപരമായ പാപ്പരത്തത്തിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ടായിരുന്നു. ഒരര്‍ത്ഥത്തില്‍ കോണ്‍ഗ്രസിലെ അവസാന ഐഡിയലോഗുകളില് ഒരാളായിരുന്നു ജയ്പാല്. ആന്ധ്ര വിഭജനത്തിലെ തിരിച്ചടിക്കു ശേഷം വാസ്തവത്തില്‍ ജയ്പാലിന് കോണ്‍ഗ്രസില്‍ വലിയ റോളൊന്നുമുണ്ടായിരുന്നില്ല. അവസാന നാളുകളില്‍ വായനയും എഴുത്തുമായി ഏറിയ സമയവും ജയ്പാല് ഹൈദരാബാദിലെ വീട്ടില്‍ തന്നെയുണ്ടായിരുന്നു.
പണം രാഷ്ട്രീയത്തെ വിഴുങ്ങുന്നതാണ് ജയ്പാലിനെ ഏറ്റവുമധികം ദുഃഖിപ്പിച്ചത്. തെലങ്കാനയില്‍ ചന്ദ്രശേഖര്‍റാവുവിന്റെ ടി ആര് എസ് ഒഴുക്കുന്ന പണത്തിനു മുന്നില്‍ കോണ്‍ഗ്രസിന് ഒന്നും ചെയ്യാനാവില്ലെന്ന് ജയ്പാല് പറഞ്ഞത് ഏറെ വിഷമത്തോടെയാണ്. പ്രത്യയശാസ്ത്രപരമായ ദൃഡത ഇല്ലാത്തവര്‍ പാര്‍ട്ടിയുടെ തലപ്പത്ത് വരുന്നത് ഈ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്നും ജയ്പാല് പറഞ്ഞു. ഒരു പക്ഷേ, കര്‍ണ്ണാടകത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ വൃത്തികെട്ടിയ രാഷ്ട്രീയ നാടകങ്ങള്‍ ജയ്പാലിന്റെ ഹൃദയം തകര്‍ത്തിരിക്കണം. പണത്തിനും ആദര്‍ശത്തിനുമിടയില്‍ എന്താണ് തിരഞ്ഞെടുക്കേണ്ടതെന്ന കാര്യത്തില്‍ ജയ്പാലിന് ഒരിക്കലും രണ്ടുവട്ടം ആലോചിക്കേണ്ടിയിരുന്നില്ല. ജയ്പാലിന്റെ വേര്‍പാട് തീര്‍ച്ചയായും ഒരു വിടവ് സൃഷ്ടിക്കുന്നുണ്ട്. ഹൈദരാബാദിലെ ജൂബിലിഹില്‍സില്‍ മാത്രമല്ല ഇന്ത്യന്‍ രാഷ്ട്രീയത്തിലൊട്ടാകെ തന്നെ ആ വിടവ് അത്രപെട്ടെന്നൊന്നും നികത്തപ്പെടാനുമിടയില്ല.
content highlights: senior congress leader Jaipal Reddy passess away, analytical story