ന്യൂ ഡല്‍ഹി: വിജയ് മല്ല്യയ്ക്ക് അനധികൃതമായി വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് ബാങ്ക് ഉദ്യോഗസ്ഥര്‍ കുടുങ്ങുമെന്ന് റിപ്പോര്‍ട്ട്. വിജയ് മല്ല്യയുടെ കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സിന് വായ്പ നല്‍കിയ ബാങ്ക് ഉദ്യോഗസ്ഥരെ സിബിഐ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തും.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് എസ്.ബി.ഐ അടക്കമുള്ള ബാങ്കുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവരുടെ പേരുകള്‍ കുറ്റപത്രത്തിലുണ്ടാവുമെന്നാണ് സൂചന. എന്നാല്‍ ഇവരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല.

എസ് ബി ഐയുടെ നേതൃത്വത്തിലുള്ള 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം മല്യയ്ക്കു നല്‍കിയ 6000 കോടിയുടെ വായ്പ സംബന്ധിച്ച കേസിലെ ആദ്യ കുറ്റപത്രമാണ് ഇത്. കേസ് അന്വേഷണത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായതായും ഒരു മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

ഐഡിബിഐ ബാങ്കില്‍നിന്നെടുത്ത 900 കോടിയുടെ വായ്പ തിരിച്ചടയ്ക്കാത്തതുമായി ബന്ധപ്പെട്ട് മല്യയ്‌ക്കെതിരെയുള്ള കേസില്‍ സിബിഐ കഴഞ്ഞ വര്‍ഷം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഈ കേസില്‍ മല്ല്യക്കെതിരായി രണ്ട് സിബിഐ കേസുകള്‍ നിലവിലുണ്ട്. ഈ ഇടപാടിലും ബാങ്ക് ഉദ്യോഗസ്ഥര്‍ വഴിവിട്ട ഇടപെടലുകള്‍ നടത്തിയിരുന്നു.