മുംബൈ: എന്‍.സി.പി ശിവസേനയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ആ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും എന്‍.സി.പി തലവന്‍ ശരദ് പവാര്‍. സഖ്യ സര്‍ക്കാര്‍ ആറ് മാസം പോലും തികച്ച് ഭരിക്കില്ലെന്ന മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നവിസിന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു പവാര്‍.
'' ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും. ഈ സര്‍ക്കാര്‍ അഞ്ച് വര്‍ഷം തീര്‍ത്ത് ഭരിക്കും. അക്കാര്യം ഞങ്ങള്‍ ഉറപ്പുവരുത്തും. ദേവേന്ദ്രജിയെ എനിക്ക് വര്‍ഷങ്ങളായി അറിയാം. പക്ഷെ അദ്ദേഹം ജ്യോതിഷം പഠിക്കുന്നുണ്ടെന്ന് എനിക്കറിയില്ലായിരുന്നു'' - പവാര്‍ പരിഹസിച്ചു.
താന്‍ തിരിച്ച് വരുമെന്ന ഫഡനവിസിന്റെ പരാമര്‍ശത്തെയും പവാര്‍ പരിഹസിച്ചു. മുഖ്യമന്ത്രി പദം മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്ന ശിവസേനയുടെ പരാമര്‍ശം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മുഖ്യമന്ത്രി സ്ഥാനം ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അക്കാര്യം തങ്ങള്‍ ആലോചിക്കുമെന്നായിരുന്നു പവാറിന്റെ മറുപടി.
എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തിന്റെ പേരില്‍ എന്‍.ഡി.എയില്‍ നിന്ന് പുറത്ത് വന്ന ശിവസേനയുടെ അന്തസ് സംരക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് മുതിര്‍ന്ന എന്‍.സി.പി നേതാവ് നവാബ് മാലിക് വ്യക്തമാക്കി. അതിനാല്‍ മുഖ്യമന്ത്രി അവരുടേതയിരിക്കും.
മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന് പൊതുമിനിമം പരിപാടി തയ്യാറാക്കി പാര്‍ട്ടി നേതൃത്വങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. തൊഴിലില്ലായ്മയിലും കര്‍ഷക പ്രശ്‌നങ്ങള്‍ക്കുമാണ് എന്‍.സി.പി പ്രധാന്യം നല്‍കുന്നത്. എത്രയും പെട്ടെന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും നവാബ് മാലിക് വ്യക്തമാക്കി.
എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് അഞ്ച് വര്‍ഷവും ശിവസേന തുടരുമോ എന്നും കോണ്‍ഗ്രസും എന്‍.സി.പിയും ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമോ എന്നും സ്ഥിരീകരിക്കാന്‍ നവാബ് മാലിക് തയ്യാറായില്ല.
content highlights: Sena-NCP-Congress Will Form Government, Will Run Full Term says Sharad Pawar