ഉദ്ധവ് താക്കറെ | ചിത്രം: UNI
മുംബൈ: ബിജെപി 'ഹിന്ദുത്വ'യെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നുവെന്ന് ആരോപണവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ. സഖ്യകക്ഷിയായി ബിജെപിക്കൊപ്പം സേന ചെലവഴിച്ച 25 വര്‍ഷം പാഴായി. സംസ്ഥാനത്തിന് പുറത്തേക്ക് തങ്ങളുടെ ശക്തി വികസിപ്പിക്കാനും ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകുന്നത് ലക്ഷ്യമിട്ടായിരിക്കും ഇനിയുള്ള പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പാര്‍ട്ടി ബിജെപിയെയാണ് ഉപേക്ഷിച്ചതെന്നും ഹിന്ദുത്വത്തെ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അധികാരത്തിനുവേണ്ടി സേന ഹിന്ദുത്വത്തെ ഉപേക്ഷിച്ചുവെന്ന ബിജെപിയുടെ പരിഹാസത്തോട് പ്രതികരിക്കുകയായിരുന്നു താക്കറെ. ബിജെപി അര്‍ത്ഥമാക്കുന്നത് ഹിന്ദുത്വമല്ല. ശിവസേന ബിജെപിയുമായി സഖ്യമുണ്ടാക്കി 25 വര്‍ഷം പാഴാക്കിയെന്ന തന്റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അകാലിദളും ശിവസേനയും പോലുള്ള പഴയ ഘടകകക്ഷികള്‍ ഇതിനോടകം തന്നെ മുന്നണിയില്‍ നിന്ന് വിട്ടുപോയതിനാല്‍ ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന് (എന്‍ഡിഎ) പഴയ പ്രതാപമില്ലെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി സ്ഥാപകനും പിതാവുമായ ബാല്‍ താക്കറെയുടെ 96-ാം ജന്മവാര്ഷികത്തില് ശിവസേന അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിലൂടെ ഹിന്ദുത്വ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനാണ് ശിവസേന ബിജെപിയുമായി സഖ്യമുണ്ടാക്കിയതെന്നും താക്കറെ പറഞ്ഞു.
'ഹിന്ദുത്വത്തിന് അധികാരം വേണമെന്നത് കൊണ്ടാണ് ശിവസേന ബിജെപിയുമായി സഖ്യമുണ്ടാക്കിയത്. അധികാരത്തിനുവേണ്ടി ശിവസേന ഒരിക്കലും ഹിന്ദുത്വത്തെ ഉപയോഗിച്ചിട്ടില്ല,' താക്കറെ പറഞ്ഞു. ശിവസേന ബിജെപിയെ മാത്രമാണ് ഉപേക്ഷിച്ചത്. ഹിന്ദുത്വയല്ല. ബിജെപിയുടെ അവസരവാദ ഹിന്ദുത്വം അധികാരത്തിനു വേണ്ടി മാത്രമുള്ളതാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2019-ലെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് ശേഷം ശിവസേന ബിജെപിയുമായി പിരിഞ്ഞ് എന്‍സിപിയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് മഹാ വികാസ് അഘാഡി (എംവിഎ) സഖ്യമുണ്ടാക്കി സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. ബിജെപി അവരുടെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി സഖ്യകക്ഷികളെ ഉപയോഗിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നുവെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ആരോപിച്ചു.
Content Highlights: sena has left the bjp and not hindutva and wasted 25 years with bjp says uddhav thackarey
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..